യു.ആർ.മനു മാവേലിക്കര
ചെങ്ങന്നൂർ: കണക്കുകൂട്ടലുകൾ പാടെ തകിടം മറിക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങൾക്ക് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. നടക്കാൻ പോകുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്കായിരിക്കും വിജയം എന്നത് പ്രവചനാതീതം. ചെങ്ങന്നൂരിനെ സംബന്ധിച്ചിടത്തോളം ഇത് മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പു കൂടിയാണ്. കെ.കെ.രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണമാണ് ചെങ്ങന്നൂരിനെ ഉപതെരഞ്ഞെടുപ്പിന് വേദിയാക്കിയത്.
ഇടത് വലത് മുന്നണികളെ സഹായിച്ചിട്ടുള്ള പാരന്പര്യമായിരുന്നു ചെങ്ങന്നൂരിനുള്ളത്. അതിൽ കൂടുതൽ തുണച്ചിട്ടുള്ളത് യുഡിഎഫിനെയാണ്. എന്നാൽ ഇന്ന് മൂന്ന് മുന്നണികൾക്കും ശക്തമായ അടിത്തറ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ നോക്കുകയാണെങ്കിൽ എൽഡിഎഫ് 36.38,യുഡിഎഫ് 30.89, എൻഡിഎ 29.36 എന്നിങ്ങനെയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താൻ എൽഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും ചരിത്ര വിജയം നേടാനായി എൻഡിഎയും മത്സര രംഗത്തുണ്ട്.
ചെങ്ങന്നൂർ നഗരസഭയും തിരുവൻവണ്ടൂർ, മുളക്കുഴ, ആലാ, പുലിയൂർ, പാണ്ടനാട്, മാന്നാർ, ചെന്നിത്തല തൃപ്പെരുന്തുറ, ബുധനൂർ, ചെറിയനാട്, വെണ്മണി ഗ്രാമപ്പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. ആദ്യ നിയമസഭ സ്പീക്കറെ സമ്മാനിച്ച മണ്ഡലം എന്നതാണ് ചെങ്ങന്നൂരിന്റെ ചരിത്രപരമായ പ്രാധാന്യം. 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്ന ആർ.ശങ്കരനാരായണൻ തന്പിയായിരുന്നു ആദ്യ സ്പീക്കർ.
1960ലും 65ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കെ.ആർ.സരസ്വതിയമ്മ വിജയിച്ചു. സരസ്വതിയമ്മ 60ൽ കോണ്‍ഗ്രസിന്റെയും 65ൽ കേരള കോണ്‍ഗ്രസിന്റെയും സ്ഥാനാർഥിയായാണ് മത്സരിച്ചത്. 60ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ആർ.രാജശേഖരൻ തന്പിയും 65ൽ കോണ്‍ഗ്രസിലെ എൻ.എസ്.കൃഷ്ണപിള്ളയുമായിരുന്നു എതിരാളികൾ. 67ലും 70ലും സിപിഎമ്മിലെ പി.ജി.പുരുഷോത്തമൻ പിള്ളയെയാണ് വിജയിച്ചത്്.
77ലെ തെരഞ്ഞെടുപ്പിൽ എൻഡിപി സ്ഥാനാർഥി എസ്.തങ്കപ്പൻ പിള്ള വിജയിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായ കെ. ആർ.സരസ്വതി അമ്മയായിരുന്നു എതിരാളി. 80ൽ എൻഡിപി സ്ഥാനാർഥിയായി മത്സരിച്ച കെ.ആർ.സരസ്വതി അമ്മയ്ക്കായിരുന്നു വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് കുതിരവട്ടമായിരുന്നു എതിരാളി. 82ലും ഇതേ പരീക്ഷണം ആവർത്തിച്ച് യുഡിഎഫ് വിജയം കൊയ്തു.
എൻഡിപിയിലെ എസ്.രാമചന്ദ്രൻ പിള്ളയാണ് അന്ന് വിജയിച്ചത്. പി.കെ.നന്പ്യാരാ(സിപിഎം)യിരുന്നു എതിർ സ്ഥാനാർഥി. 1987ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം എൽ.ഡി.എഫിനോടൊപ്പം നിന്നു. കോണ്‍ഗ്രസ് (എസ്) ലെ മാമ്മൻ ഐപ്പായിരുന്നു വിജയി.എൻഡിപിയിലെ ആർ.രാമചന്ദ്രൻ നായരായിരുന്നു എതിർ സ്ഥാനാർഥി.
പിന്നീട് യുഡിഎഫ് തുടർച്ചയായി ഇവിടെ വിജയിക്കുന്ന കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. 91ലും 96ലും 2001ലും കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ശോഭന ജോർജ് വിജയിച്ചു. 91ലും 96ലും കോണ്‍ഗ്രസ് എസിലെ മാമൻ ഐപ്പിനെയും 2001ൽ സിപിഎമ്മിലെ കെ.കെ.രാമചന്ദ്രൻ നായരെയുമാണ് ഇവർ തോല്പിച്ചത്. 2006ലും 2011ലും കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥായിരുന്നു യുഡിഎഫിനെ വിജയ രഥത്തിലേറ്റി മണ്ഡലം നിലനിർത്തിയത്.
2006ൽ സിപിഎമ്മിലെ സജി ചെറിയാനെയും 2011ൽ സിപിഎമ്മിലെ സി.എസ്.സുജാതയെയുമാണ് തോൽപിച്ചത്. തുടർന്ന് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു. 1987ലെ വിജയത്തിനുശേഷം ഒരു നീണ്ട ഇടവേളതന്നെ വേണ്ടിവന്നു എൽഡിഎഫിന് മണ്ഡലം തിരിച്ചു പിടിയ്ക്കാൻ. സിറ്റിംഗ് എംഎൽഎ പി.സി.വിഷ്ണുനാഥിനെ തോൽപ്പിച്ചാണ് സിപിഎമ്മിലെ കെ.കെ.രാമചന്ദ്രൻ നായർ മണ്ഡലം തിരിച്ചുപിടിച്ചത്. കടുത്ത മത്സരത്തിന് തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ വേദിയായതും.
2011ൽ ബിജെപിയ്ക്ക് ലഭിച്ച 6062 വോട്ടിൽ നിന്നും വലിയ കുതിച്ചു ചാകഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.രാമചന്ദ്രൻ നായർക്ക് 52880 വോട്ടും, യുഡിഎഫിലെ പി.സി.വിഷ്ണുനാഥിന് 44897 വോട്ടും, എൻഡിഎയിലെ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് 42682 വോട്ടും സ്വതന്ത്രയായി മത്സരിച്ച് മുൻ എംഎൽഎ ശോഭനാ ജോർജ്ജിന് 3966 വോട്ടും, ബിഎസിപിയിലെ അലക്സിന് 483 വോട്ടും, മറ്റൊരു സ്വതന്ത്രൻ ഇ.റ്റി.ശശിയ്ക്ക് 247 വോട്ടും നേടാനായി. ആസന്നമായ ഉപതെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനങ്ങളായിട്ടില്ല.
എന്നാൽ സ്ഥാനാർഥികളാരൊക്കെയെന്ന് മുന്നണികൾ തീരുമാനമെടുത്തുകഴിഞ്ഞു. എൽഡിഎഫിലെ സജി ചെറിയാൻ, യുഡിഎഫിലെ ഡി.വിജയകുമാർ, എൻഡിഎയിലെ പി.എസ്.ശ്രീധരൻപിള്ള എന്നിവരായിരിക്കും ഇത്തവണ മാറ്റുരക്കുക. സജിചെറിയാനും ശ്രീധരൻപിള്ളയും മുൻപ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഗോദായിൽ പയറ്റിവരാണ്്. പലപട്ടികളിലും വന്നിട്ടുണ്ടെങ്കിലും വിജയകുമാറിനിത് കന്നി അങ്കമാണ്.