തൃശൂര്‍:ഗജരാജന്‍ ശിവസുന്ദറിന്റെ ജീവനെടുത്തത് എരണ്ടക്കെട്ടെന്ന് സൂചന. പിണ്ടം പുറത്തുപോകാത്ത അവസ്ഥയാണിത്. ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇനിയും ആനച്ചികിത്സകര്ക്കു കണ്ടെത്താനായിട്ടില്ല. എരണ്ടം അര അടി ദൂരം മാത്രം പുറത്തുപോകാന്‍ ബാക്കിയുള്ളപ്പോഴാണ് ആന ചരിയുന്നത്. 62 ദിവസം കൊണ്ടു കുടലിലൂടെ എട്ടു മീറ്റര്‍ സഞ്ചരിച്ച എരണ്ടത്തിനു രണ്ടര അടി നീളവും ഒന്നര അടി വണ്ണവും ഉണ്ടായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മലദ്വാരത്തിനു പുറകില്‍ എരണ്ടക്കുഴിയില് എത്തിനില്ക്കുകയായിരുന്നു ഇത്.
ഒരുപക്ഷെ ഈ എരണ്ടം പുറത്തുപോയിരുന്നെങ്കില്‍ ശിവസുന്ദര്‍ രക്ഷപ്പെട്ടേനേ.ഒരൊറ്റ ദിവസത്തെ വയറിളക്കത്തെത്തുടര്‍ന്ന് ആനയുടെ ജലാംശം തിരിച്ചുവരാനാകാത്ത വിധം നഷ്ടപ്പെട്ടിരുന്നു. 100 കുപ്പി ഗ്ലൂക്കോസ് അവസാന രണ്ടു ദിവസം കൊണ്ടു കയറ്റിയെങ്കിലും ആന തളര്‍ന്നുപോയി. വെള്ളം സ്വയം കുടിച്ചതുമില്ല. ഇതുതന്നെയാണു മരണത്തിലേക്കു നയിച്ചതും. വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.എ.എസ്.വിജയകുമാര്‍, ഡോ.ഡേവിസ് ഏബ്രഹാം, പി.ബി.ഗിരിദാസ് തുടങ്ങി 10 ഡോക്ടര്‍മാരാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ആനയുടെ കുടല് എട്ടു മീറ്റര്‍ വരെ നീളമുള്ളതാണ്. മുകളിലേക്കും താഴോട്ടുമായി വളഞ്ഞു പുളഞ്ഞു കിടക്കും. ഇതിലൂടെയാണു ഭക്ഷണം കടന്നുപോകുന്നത്. ആദ്യ ഭാഗത്തു വച്ചു തന്നെ ഭക്ഷണം വലിയ ഉണ്ടകളായി മാറും. ഈ ഉണ്ടകളാണു നീങ്ങിപ്പോകുന്നത്. ഇതിനിടയില്‍ ഇത് ഏതെങ്കിലും ഭാഗത്തു തങ്ങിനില്ക്കുമ്പോഴാണു പ്രശ്നമുണ്ടാകുന്നത്. ഇതിനു കാരണം പലതാകാം. കുടലില്‍ അണുബാധയുണ്ടായി കുടല് ചുരുങ്ങുക, ഉണ്ടകളുടെ വലുപ്പം കൂടുക, ഉണ്ട നീങ്ങാനുള്ള കൊഴുപ്പുള്ള ദ്രവത്തിന്റെ ഉല്പാദനം കുറയുക, കൊഴുപ്പിന്റെ ഫലം കുറയുക, പരിചിതമല്ലാത്ത ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കെ എരണ്ടക്കെട്ടിനു കാരണമാകുന്നതായി പറയുന്നു.
പിണ്ടം നീങ്ങാതാകുന്നതോടെ ദഹനം നിലച്ചു തുടങ്ങും. അതോടെ ആന തീറ്റയെടുക്കാതാകും. കഠിനമായ വേദനയും ഇക്കാലത്തുണ്ടാകും. ഭക്ഷണം ഇല്ലാതാകുന്നതോടെ ആന ക്ഷീണിക്കുകയും ചെയ്യും. ഇതാണ് ശിവസുന്ദറിനും സംഭവിച്ചത്. എരണ്ടക്കെട്ടിന് കൃത്യമായ ചികിത്സ ഇനിയും കണ്ടെത്താനായിട്ടില്ലയെന്നതാണ് ആനപ്രേമികളെ നിരാശരാക്കുന്ന മറ്റൊരു കാര്യം.