അഗളി: അട്ടപ്പാടിയിലെ മുഴുവൻ ആദിവാസി കുടുംബാംഗങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം തൊഴിൽ നൽകുവാനും ഇതുവരെ തൊഴിൽകാർഡ് എടുക്കാത്ത 1084 കുടുംബങ്ങൾക്ക് ഈമാസം 31നകം തൊഴിൽ കാർഡ് നൽകുവാനും തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ ഡോ. മിത്രയും അധ്യക്ഷതയിൽ അഗളി കില പരിശീലന ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. അട്ടപ്പാടിയിൽ കൃഷിവകുപ്പ് നടപ്പാക്കിയ ചെറുധാന്യ പദ്ധതിയിലെ കൃഷിപ്പണികൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തും.
തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കാലതാമസമില്ലാതെ ആദിവാസികളുടെ കൈകളിലെത്തിക്കും കൈവശമുള്ള അഞ്ചേക്കർവരെയുള്ള കൃഷിഭൂമി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കാനും മഴക്കുഴികൾ, കുളം, മഴവെള്ള സംഭരണി, ഭവനനിർമാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.
അട്ടപ്പാടി ഫാർമിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വട്ടലക്കി ഫാം എന്നിവിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തൽ പരിഗണനയിലുണ്ട്.അട്ടപ്പാടിയിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിലും ഹോളോബ്രിക്സ് നിർമാണത്തിനുള്ള യൂണിറ്റുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയഥാസമയം ലഭ്യമാക്കാൻ കുടുംബശ്രീ റിവോൾവിംഗ് ഫണ്ട് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തും. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, ഐടിഡിപി ഓഫീസർ കൃഷ്ണപ്രകാശ്, എൻ.ആർ.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അനിൽ ബാബു, സജിത് , ബാലചന്ദ്രൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ബിപിൻ വാസു, കുടുംബശ്രീ മിഷൻ, ലൈഫ് മിഷൻ, ഐടിഡിപി അഗ്രികൾച്ചർ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ ആനിമേറ്റർമാർ എസ്.ടി. പ്രമോട്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.