ചിറ്റൂർ: കൈയും മെയ്യും മനസും അർപ്പിച്ച ചിറ്റൂർ കോളേജ് എൻഎസ് എസ് വിദ്യാർഥികളുടെ ’വീടില്ലാത്തവർക്കൊരു വീട്’ അഭയംപദ്ധതിയിലെ വീടുപണി പൂർത്തീകരണത്തിലേക്കെത്തുന്നു. കഴിഞ്ഞ നാലുമാസം കഠിനാധ്വാനത്തിന്റെ ഫലമായി അഞ്ചുലക്ഷം രൂപ സ്വരൂപിച്ചു തത്തമംഗലം പള്ളത്താംന്പുള്ളി സുകുമാരനും (രാജൻ) കുടുംബത്തിനുമാണ് വിദ്യാർഥികൾ വീടുവച്ചു നല്കുന്നത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ദന്പതികളും അവരുടെ വിദ്യാർഥികളായ രണ്ടുമക്കൾക്കുമാണ് വീടുപണിതു നല്കുന്നത്. ഓലക്കുടിലിൽനിന്നും വാർപ്പ് വീട്ടിലേക്കു മാറുന്നതിലുള്ള സന്തോഷത്തിലാണ് ഈ കുടുംബം.
ഒക്ടോബർ രണ്ടിന് തറക്കല്ലിട്ട വീട്ടിൽ ഈമാസം 19ന് ഗ്രഹപ്രവേശം നടത്തുമെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി. ജയന്തി എന്നിവർ അറിയിച്ചു.
വീടിനായുള്ള തറക്കീറൽ, കല്ലുകെട്ടൽ, ചുവരുനിർമാണ സഹായം, കല്ലുകടത്തൽ, വാർക്കപണി സഹായം, പെയിന്റിംഗ്, വാതിൽ ജനലുകൾ പിടിപ്പിക്കൽ ഇതെല്ലാം വിദ്യാർഥികൾ തന്നെയാണ് ചെയ്തു തീർത്തത്.
റോട്ടറി ക്ലബ് നല്കിയ 25 ചാക്ക് സിമന്റിനുള്ള ധനസഹായം ഒഴിച്ചാൽ അഞ്ചുലക്ഷം രൂപയും വിദ്യാർഥികൾ തന്നെയാണ് സ്വരൂപിച്ചെടുത്തത്. പഴയപത്രങ്ങൾ സംഭരിച്ചു വില്ക്കൽ, ഭക്ഷ്യമേള സംഘടിപ്പിക്കൽ, കലാമത്സരങ്ങൾ സംഘടിപ്പിക്കൽ തുടങ്ങി വിവിധങ്ങളായ ധനശേഖരണ പരിപാടികൾ ഇതിനായി ഇവർ സംഘടിപ്പിച്ചു. ഈ വീടിനു പുറമേ പാലക്കാട് കൊടുന്പ് ചേപ്പിലംത്തിട്ട കണ്ടന്റെ കുടുംബത്തിനായും ഭവനനിർമാണം സംഘം ഏറ്റെടുത്തു നടത്തിവരുന്നു.
അതിന്റെ നിർമാണം വരുന്ന സെപ്റ്റംബർ മാസത്തോടുകൂടി പൂർത്തിയാകും. ഓരോ വീടുനിർമാണവും തങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതായി വിദ്യാർഥി പ്രതിനിധികളായ സായ് പ്രശാന്ത്, എം.ബി. ഷാബിർ, എസ്.പ്രമോദ്, കെ.വൈഷ്ണ, വി.ഷിജിൽ, എസ്. സഞ്ജയ്, ആർ.ഷാനി, എം.ജെസ്ന എന്നിവർ അറിയിച്ചു.