എടപ്പാൾ: വിവാഹസമ്മാനമായി പുതിയൊരു ആപ്ലിക്കേഷനുണ്ടാക്കി സൽമാൻ ശ്രദ്ധേയനാകുന്നു. സമൂഹത്തിനൊന്നാകെ ഗുണപരമായി മാറുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ അവതരിപ്പിച്ചാണ് പൊന്നാനി സ്വദേശിയായ സയ്യിദ് സൽമാൻ വിവാഹാഘോഷം വേറിട്ടതാക്കിയത്.
ജനങ്ങളുടെ ഏതുതരത്തിലുള്ള പരാതിയും ഏതുസമയത്തും ഫോട്ടോ, വീഡിയോ, ഓഡിയോ സഹിതം പോലീസിൽ അറിയിക്കാമെന്നതാണ് ’സേഫ് പൊന്നാനി’ ആപ്ലിക്കേഷന്റെ പ്രത്യേകത. കൂടാതെ സ്ത്രീകൾ ആക്രമിക്കപ്പെടുമെന്ന സാഹചര്യത്തിൽ ആപ്പിലെ പാനിക് ബട്ടന്റെ സഹായത്തോടെ പോലീസിനെ തത്സമയം വിവരമറിയിക്കാം.പോലീസിന് ഇവരുടെ സ്ഥലമറിഞ്ഞ് പിന്തുടരാനുള്ള സംവിധാനവും ഇതിലുണ്ട്.
വിവിധ കുറ്റകൃത്യങ്ങളിൽപെട്ട് ഒളിവിൽ കഴിയുന്നവരോ പോലീസ് തേടുന്നവരോ ആയ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന വാണ്ടഡ് ലിസ്റ്റ്, കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മിസിങ് ലിസ്റ്റ്, അടിയന്തര അറിയിപ്പുകൾ കൈമാറാനുള്ള ജനങ്ങളറിയാൻ എന്ന സംവിധാനം, പൊതുജനങ്ങളറിയേണ്ട നിയമങ്ങൾ, മോട്ടോർവാഹന പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള സംവിധാനം, സേഫ്റ്റി ടിപ്സ് തുടങ്ങിയ നിരവധി വിവരങ്ങൾ ഉൾക്കൊള്ളിച്ചതാണ് ആപ്ലിക്കേഷൻ.
പോലീസിൽ പരാതിപറയാൻ സ്റ്റേഷനിൽ കയറിയിറങ്ങേണ്ട എന്നതാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത.
പൊന്നാനി ജനമൈത്രി പോലീസുമായി സഹകരിച്ചാണ് സൽമാൻ ഒന്നരലക്ഷം രൂപ ചെലവിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
നേരത്തേ പൊന്നാനി താലൂക്കിലെ മുഴുവൻ പണിക്കാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി പണി എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. മുന്നൂറിലധികം തൊഴിൽമേഖലകളാണ് ആപ്പിൽ ഉള്ളത്. വിവാഹദിനത്തിൽ മന്ത്രി കെ.ടി. ജലീൽ സേഫ് പൊന്നാനി ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നിർവഹിച്ചു.