മണ്ണിനോട് മല്ലിട്ട്, അന്നം തരുന്നവരെ മറക്കാന്‍ നഗരവാസികള്‍ക്കാവുമോ! കര്‍ഷക മാര്‍ച്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുംബൈ നഗരം; സമരക്കാരെ സ്വാഗതം ചെയ്തത് ഭക്ഷണവും വെള്ളവും ചെരുപ്പുമായി

സിപിഐഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യ കര്‍ഷക സഭ നടത്തുന്ന നിയമസഭ വളയല്‍ സമരത്തിന് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളില്‍ നിന്നും കാല്‍നടയാത്രയായി എത്തിയ കര്‍ഷകരെ സ്വാഗതം ചെയ്ത് മുംബൈ ജനത. കര്‍ഷകരുടെ പഥയാത്ര ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്നും തിങ്കളാഴ്ച പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നുമെല്ലാം ബിജെപിയും അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ച് നഗര ജനതയെ കര്‍ഷകര്‍ക്ക് എതിരാക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിജെപിയെ ഞെട്ടിച്ച് മുംബൈ മഹാനഗരത്തിലെ ജനത കര്‍ഷകരെ സ്വാഗതം ചെയ്തത്.

കര്‍ഷകര്‍ക്കൊപ്പം സമര യാത്രയില്‍ പങ്കുചേരുകയും ചെയ്തിരുന്നു മുംബൈ ജനത. നൂറോളം പേര്‍ യാത്രയ്ക്കൊപ്പം ചേര്‍ന്നുവെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ മുത്തച്ഛന്‍ കര്‍ഷകനായിരുന്നു മുംബൈക്കാരനായ അറുപത്തിയാറുകാരന്‍ സഞ്ജയ് സുലെ പറയുന്നു. ക്ലാര്‍ക്ക് ജോലിയില്‍ നിന്നും വിരമിച്ച സുലെ സമരത്തിന് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരുടെ കഷ്ടപ്പാട് നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

കര്‍ഷകര്‍ നമുക്ക് ആഹാരം തരുന്നു. എന്നിട്ടും നമ്മള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. അവര്‍ റേഷന്‍ കാര്‍ഡിനോ പെന്‍ഷനോ പോലുള്ള ആവശ്യങ്ങള്‍ അല്ല ഉന്നയിക്കുന്നത്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് സമരം. സുലൈ പറയുന്നു. നാല്‍പത്തിയഞ്ചുകാരനായ ഗിരീഷ് ഡാങ്കെ പറയുന്നത് ഇന്നലെയാണ് സമരത്തെ കുറിച്ച് അറിഞ്ഞതെന്നാണ്. ദേശീയ മാധ്യമങ്ങള്‍ കര്‍ഷക സമര വാര്‍ത്ത മറച്ചു വച്ചത് മൂലമാണിത്.ൃ കുട്ടികളും സ്ത്രീകളും അടക്കം നിരവധി കുടുംബങ്ങള്‍ സമരക്കാരെ പൂക്കളും പൂമാലകളുമായാണ് വരവേറ്റത്. ബിസ്‌കറ്റും വെള്ളവും ചെരുപ്പുമൊക്കെ കര്‍ഷകര്‍ക്ക് നല്‍കിയാണ് തങ്ങളുടെ പിന്തുണ അവര്‍ കര്‍ഷകരെ അറയിച്ചത്.

 

 

Related posts