റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സിസ്റ്റം ഉണ്ടാകുമോ എന്നതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചർച്ചയും ആശങ്കയും. വിഎആർ ലോകകപ്പിൽ ഉണ്ടെങ്കിൽ കളിയുടെ സൗന്ദര്യവും ഒഴുക്കും നഷ്ടപ്പെടുമെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ ഉണ്ട്.
വിഎആർ അനുവദിച്ചാൽ കളിയിൽ ഓഫ് സൈഡ്, ഗോൾ, ഫൗൾ തുടങ്ങിയവയ്ക്കെല്ലാം റഫറിക്ക് വീഡിയോ റീപ്ലേയുടെ സഹായംതേടി തീരുമാനമെടുക്കാം. ക്രിക്കറ്റിൽ തേർഡ് അന്പയറുടെ സഹായത്തോടെ അന്പയർ തീരുമാനമെടുക്കുന്നതിനു സമാനമെന്നു ചുരുക്കം.
ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ അടക്കമുള്ളവർ വിഎആറിനെ അനുകൂലിക്കുന്നുണ്ട്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ സൂറിച്ചിൽ നടന്ന യോഗത്തിൽ വിഎആർ ലോകകപ്പിൽ ഉപയോഗിക്കാമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചതുപോലെ ഇത്തവണ വിഎആർ നടപ്പാക്കാമെന്നാണ് ഇൻഫാന്റിനോയുടെ നിലപാട്.
വിഎആർ ഉപയോഗിക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടക്കുന്ന ഫിഫ കൗണ്‍സിലിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. എഫ്എ കപ്പ് ഫുട്ബോളിൽ വിഎആർ ഇപ്പോൾ പരീക്ഷണാർഥം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രണ്ട് തവണ വിഎആർ റീപ്ലേ വിവാദമുണ്ടായി.
എഫ്എയിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വിഎആർ) റീപ്ലേയിൽ കുഴങ്ങി ടോട്ടനം ഹോട്സ്പറിന്റെ ഒരു പെനാൽറ്റി ഗോളടക്കം രണ്ട് ഗോളുകൾ റഫറി നിഷേധിച്ചു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹ്വാൻ മാട്ടയുടെ ഗോളും റീപ്ലേ കണ്ടശേഷം ഓഫ് സൈഡ് വിളിച്ച് റഫറി നിഷേധിച്ചിരുന്നു.