കൊളംബോ: മഴമൂലം ഓവർ വെട്ടിക്കുറച്ച മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 19 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സെടുത്തു.
ലങ്ക മുന്നോട്ടുവച്ച ലക്ഷ്യം ഇന്ത്യ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി ദിനേഷ് കാർത്തികും (25 പന്തിൽ 39 റണ്‍സ്) മനീഷ് പാണ്ഡെയും (31 പന്തിൽ 42 റണ്‍സ്) പുറത്താകാതെ നിന്നു. നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി-20യിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ഓപ്പണർ കുശാൽ മെൻഡിസാണ് ആതിഥേയരുടെ ടോപ് സ്കോറർ. 38 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ മെൻഡിസ് 55 റണ്‍സെടുത്തു.
ഓപ്പണർമാരായ ഗുണതിലകയും മെൻഡിസും ചേർന്ന് ലങ്കയ്ക്കു ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 25ൽ നിൽക്കെ ഗുണതിലകയെ മടക്കി ഠാക്കൂർ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. എട്ടു പന്തിൽ ഒരു സിക്സുൾപ്പെടെ 17 റണ്‍സെടുത്ത ഗുണതിലകയെ സുരേഷ് റെയ്ന ഉജ്വലമായ ക്യാച്ചിലൂടെയാണ് മടക്കിയത്.
മൂന്നാമനായെത്തിയ കുശാൽ പെരേര (3) പെട്ടെന്നുതന്നെ മടങ്ങി. അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത മെൻഡിസ്-ഉപുൽ തരംഗ സഖ്യം ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു. ഇരുവരും കൂട്ടിച്ചേർത്തത് 62 റണ്‍സ്. തരംഗയെ (22) ക്ലീൻ ബൗൾഡാക്കി വിജയ് ശങ്കർ കൂട്ടുകെട്ട് പൊളിച്ചു.
ക്യാപ്റ്റൻ തിസാര പെരേര (ആറു പന്തിൽ 15) ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇന്നിംഗ്സ് നീണ്ടില്ല. പെരേര ഠാക്കൂറിനു മുന്നിൽ കീഴടങ്ങി. മധ്യനിരക്കാരൻ ദാസുൻ ഷനക (16 പന്തിൽ 19) ആക്രമണത്തിനു തുനിഞ്ഞെങ്കിലും വലറ്റക്കാർക്ക് പിടിച്ചുനിൽക്കാനാകാതെ പോയതോടെ ലങ്കൻ സ്കോർ 152ൽ ഒതുങ്ങി. ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ 27 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദർ രണ്ടും വിക്കറ്റ് നേടി.
ഇന്ത്യയുടെ മറുപടി തണുപ്പൻ മട്ടിലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ (10 പന്തിൽ എട്ട്) ഇന്നലെയും നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ട് കളികളിലും അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ (ഏഴ് പന്തിൽ 11) അനാവശ്യഷോട്ടിലൂടെ പുറത്താകുകയും ചെയ്തതോടെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റണ്‍സ് എന്ന നിലയിലായി.
15 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 27 റണ്‍സ് നേടിയ സുരേഷ് റെയ്നയും അനാവശ്യഷോട്ടിലൂടെ വിക്കറ്റ് തുലച്ചു. ഹിറ്റ് വിക്കറ്റായി കെ.എൽ. രാഹുൽ (16 പന്തിൽ 18) മടങ്ങിയതോടെ സ്കോർ 9.5 ഓവറിൽ നാല് വിക്കറ്റിന് 85 റണ്‍സ്. തുടർന്ന് ക്രീസിലൊന്നിച്ച മനീഷ് പാണ്ഡെയും ദിനേഷ് കാർത്തിക്കും കൂടുതൽ വിക്കറ്റ് നഷ്ടംകൂടാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു. ഫോം കണ്ടെത്താത്ത ഋഷഭ് പന്തിനു പകരം ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ തിരിച്ചെത്തി.