ന്യൂഡൽഹി: ചില്ലറവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ഫെബ്രുവരിയിൽ 4.44 ശതമാനമായി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 3.65 ശതമാനമായിരുന്നു. എന്നാൽ ജനുവരിയിലെ 5.07 ശതമാനത്തെ അപേക്ഷിച്ച് നിരക്കു കുറവാണ്. അതേസമയം വ്യവസായ ഉത്പാദന വളർച്ച മെച്ചപ്പെട്ടു.
ഭക്ഷ്യവിലകൾ ഇപ്പോഴും ഉയർന്ന തോതിലാണ്. പച്ചക്കറി വിലവർധന 26.97 ശതമാനത്തിൽനിന്നു താണെങ്കിലും 17.57 ശതമാനം എന്ന ഉയർന്ന തോതിലാണ്. ഇന്ധനം, വെളിച്ചം വിഭാഗത്തിൽ 6.8 ശതമാനമാണു വർധന.
വ്യവസായ ഉത്പാദന സൂചിക (ഐഐപി) ജനുവരിയിൽ 7.5 ശതമാനം വളർന്നു. തലേ ജനുവരിയിൽ 4.1 ശതമാനമായിരുന്നു വളർച്ച. തലേ ജനുവരിയിൽ കറൻസി നിരോധനത്തെത്തുടർന്നു വ്യവസായ ഉത്പാദന വളർച്ച തുലോം കുറഞ്ഞതാണ് ഇത്തവണ ഉയർന്ന വളർച്ച ഉണ്ടെന്നു തോന്നാൻ കാരണമായത്.
ഫാക്ടറി ഉത്പാദനത്തിൽ 8.7 ശതമാനവും വൈദ്യുതിയിൽ 7.6 ശതമാനവും വളർച്ച ഉണ്ട്. വാഹനങ്ങൾ, ഫർണിച്ചർ തുടങ്ങിയവയിൽ ഗണ്യമായ വളർച്ചയുമുണ്ട്