കണ്ണൂർ: കണ്ണൂരിൽ പോലീസിന്റെ ഔദ്യോഗിക വയർലെസ് സെറ്റിൽ അസഭ്യവർഷം എത്തിയത് കടലിൽനിന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നാലക്ക നന്പർ വയർലെസ് സെറ്റിൽനിന്നാണു ശബ്ദം വന്നതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വയർലെസ് സെറ്റിലൂടെ ലഭിച്ച ശബ്ദം റിക്കാർഡ് ചെയ്ത് ശാസ്ത്രീയന്വേഷണത്തിനു വിട്ടിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിനാണു വയർലെസ് സെറ്റിലൂടെ അസഭ്യവർഷം കിട്ടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂർ എസ്പിയുടെ നിർദേശപ്രകാശം ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അസഭ്യവർഷം നടത്തിയയാളെ കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചിന് ഡിസിആർബി ഉദ്യോഗസ്ഥർക്കും വയർലെസ് സെറ്റിലൂടെ അസഭ്യവർഷം കിട്ടിയിരുന്നു.
ഞായറാഴ്ച രാവിലെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്.