സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന എക്സൈസ് സേനയില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി വ്യക്തമാക്കികൊണ്ട് ഒരു കൂട്ടം വനിതാ സിവില്‍ ഓഫീസര്‍മാരാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിന് കത്തയച്ചത്.
പേരുകള്‍ വെളിപ്പെടുത്താത്ത വനിതാ ഓഫീസര്‍മാര്‍ അയച്ച വസ്തുതകള്‍ അടിയന്തരമായി അന്വേഷിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ ഇതുസംബന്ധിച്ചുള്ള പരാതി നല്‍കിയിരുന്നു. കൂടാതെ എക്സൈസ് കമ്മീഷണര്‍, മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, വനിതാ കമ്മീഷന് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
എക്സൈസ് കമ്മിഷണര്‍ മുമ്പാകെ നല്കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ എട്ടിന് കമ്മീഷണര്‍ അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പരാതിയുടെ ഉള്ളടക്കം:
സ്വയം പേരുപോലും വെളിപ്പെടുത്താന്‍ ഭയപ്പെടുന്ന ഒരു കൂട്ടം വനിതാ സിവില്‍ എക്സൈസ് ഓഫീസര്മാര്വേണ്ടിയുള്ള പരിവേദനം എന്ന് തുടങ്ങുന്നതാണ് കത്ത്. കമ്മീഷണര്‍ മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ മറ്റു മാര്ഗങ്ങില്ലാത്തിതിനാലാണ് ഇതെഴുതുന്നതെന്നാണ് കത്തിലുള്ളത്.
പീഡനങ്ങളെ കുറിച്ച് നേരിട്ട് വന്ന് അറിയിക്കണമെന്നുണ്ടെങ്കിലും വകുപ്പില്‍നിന്നും ചിലര്‍ പുറത്താക്കുമെന്ന് അറിയുന്നതിനാലാണ് കത്ത് എഴുതേണ്ടിവന്നതെന്നാണ് ഉള്ളടക്കം. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ സേനയില്‍ പലവിധത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുകയാണ്.
പല സിവില്‍ എക്സൈസ് ഓഫീസര്‍മാരും പ്രിവന്റിവ് ഓഫീസര്‍മാരും അസി. എക്സൈസ് ഇന്‍സ്പക്ടര്‍മാരും അസി. എക്സൈസ് കമ്മീഷണര്‍മാരും ഡെപ്യൂട്ടി കമ്മീഷണര്‍മാരും ദുഷ്ടലാക്കോടു കൂടിയാണ് സമീപിക്കുന്നത്. അവരുടെ ഇഷ്ടത്തിനു നില്ക്കുന്ന കുറച്ച് പേര്‍ക്കേ ബുദ്ധിമുട്ടില്ലാതെ സേനയില്‍ നില്കാന് കഴിയുന്നുള്ളൂ. വനിതകള്‍ മേലുദ്യോഗസ്ഥരുടെ ലൈംഗിക പീഡനത്തിന് വരെ ഇരയായിട്ടുണ്ട്.
പുരുഷ ജീവനക്കാര്‍ക്കെതിരേ പരാതികൊടുക്കുകയാണെങ്കില് അത് വ്യാജ പരാതിയാണെന്ന് മേലുദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി വരുത്തി തീര്‍ക്കുകയും കൂടുതല്‍ പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത് . വനിതകളുടെ എത്ര പരാതി ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര വനിതകള്‍ക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ചില ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ വനിതാ കമ്മിറ്റി എല്ലാമാസവും വിളിച്ചു ചേര്‍ത്ത് അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മറ്റു ജില്ലകളില്‍ മീറ്റിങ് വേണമെന്ന് പറഞ്ഞാല്‍ പോലും അത് നടത്താന്‍ തയാറാവുന്നില്ല.
25 നും 30നും ഇടയില്‍ അംഗബലമുള്ള ഓരോ റേഞ്ച് ഓഫീസുകളിലും ഒന്നോരണ്ടോ വനിതാ സിവില്‍ എക്സൈസ് ഓഫീസര്മാരാണുണ്ടാവുക. മിക്ക ഓഫീസുകളിലും സ്വന്തമായി ടോയ്ലറ്റ് സൗകര്യം പോലുമില്ല. വിശ്രമമുറികളും ഇവിടെയില്ല. റേഞ്ച് ഓഫീസുകളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്.
അവരോടൊപ്പമാണ് ഒരു റേഞ്ചില്‍ ഒന്നോ രണ്ടോ പേരായി ഒതുങ്ങുന്ന വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജോലി ചെയ്യേണ്ടിവരുന്നത്. ചില റേഞ്ചുകളില്‍ ഓഫീസ് വര്‍ക്കും റെയ്ഡും ഒക്കെ ഉണ്ടെന്നു പറഞ്ഞ് രാത്രികാലങ്ങളില്‍ അനാവശ്യമായി ഓഫീസുകളില്‍ വിളിച്ചു വരുത്തുകയും ഓഫീസില്‍ ഉണ്ടെങ്കില്‍ രാത്രിയില്‍ വീടുകളില്‍ പോകുവാന്‍ അനുവദിക്കാതെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
അസമയങ്ങളില്‍ വിളിച്ചു വരുത്തുന്നതൊന്നും ജിഡിയില്‍ രേഖപ്പെടുത്താറുമില്ല. രാത്രിയില്‍ ജിഡി കഴിഞ്ഞു പോവുന്നവരെ വീടുകളില്‍ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികള്‍ പോലും മേലുദ്യോഗസ്ഥര്‍ ചെയ്യാറില്ല. എക്സൈസില്‍ ആദ്യ പാറാവ് ഡ്യൂട്ടി വനിതകള്‍ക്ക് മാത്രമാണ് നല്കി വരുന്നത്. പാറാവ് ഡ്യൂട്ടി ചെയ്തുകൊണ്ടാണ് ഓഫീസ് ജോലികളും റെയ്ഡുമുള്പ്പെടെയുള്ള എല്ലാ ജോലികളും ചെയ്യുന്നത്.
വനിതകള്‍ക്കായി അനുവദിച്ച 100 സ്കൂട്ടറുകളില്‍ പലതും പുരുഷ ജീവനക്കാരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുരുഷ ജീവനക്കാര്‍ സ്കൂട്ടര്‍ ഓടിക്കാറുള്ളത് ജിഡിയില്‍ രേഖപ്പെടുത്താറില്ല. സ്റ്റിക്കര്മാറ്റിയാണ് സ്കൂട്ടര്‍ ഓടിക്കുന്നത്. വനിതകള്‍ക്ക് നിലവില്‍ റേഞ്ച് ഓഫീസുകളില്‍ മാത്രമായാണ് ജോലി ചെയ്യുന്നതിനുള്ള അവസരമുള്ളത്.
മറ്റ് ഒരു ഓഫീസുകളിലും ജോലി ചെയ്യാന്‍ പുരുഷ ജീവനക്കാര്‍ അനുവദിക്കാറില്ല. വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഒരു സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയില്‍ ഒരു വനിതാ റേഞ്ച് ഓഫീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വനിതകള്‍ ഉള്‍പ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അധികാരം നല്‍കണമെന്നും കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.