ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ നിന്നും വാഴച്ചാൽ മേഖലകളിലേക്ക് കാട്ടുതീ ആളിപ്പടരുന്നു. നിയന്ത്രിക്കാൻ കഴിയാതെ വനപാലകരും നാട്ടുകാരും.
കഴിഞ്ഞ ദിവസം രാത്രി മുതൽ ആളിക്കത്തിയ കാട്ടുതീ ശക്തമായ കാറ്റിൽ മലയുടെ അടുത്ത ചെരിവിലേക്ക് പടരുകയാണ്. തീ പടരുന്നത് തടയാൻ വനസംരക്ഷണസമിതിയും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും പെടാപാടു പെടുകയാണ്.
ചാലക്കുടി ഡിവിഷനിൽ പരിയാരം റേഞ്ചിൽപെട്ട വെറ്റിലപ്പാറ, പിള്ളപ്പാറ വനമേഖലകളിലാണ് കാട്ടുതീ പടർന്നത്. ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്. തീ ആളിക്കത്തിയ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. തൻമൂലം പലയിടത്തും തീ വൈകാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കണ്ണൻകുഴി, കുരിശുമുടി, എക്സ് സർവീസ്മെൻ വനമേഖലകളിലെ തീയാണ് അണയ്ക്കാൻ പാടുപെട്ടത്. അന്പതോളം പേരാണ് തീയണക്കാൻ വനമേഖലയിലുള്ളത്.
വനമേഖലയ്ക്കകത്തു ചെന്ന് തീയണക്കൽ എളുപ്പമല്ലാത്തതുകൊണ്ടും ശക്തമായ കാറ്റും തീകെടുത്തൽ ബുദ്ധിമുട്ടാക്കി. കാട്ടുതീയിൽ ഹെക്ടർ കണക്കിന് വനം കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കാട്ടുതീ പടർന്നതോടെ കാട്ടുമൃഗങ്ങൾ കാടിറങ്ങുന്നത് ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയാണ്. കുരിശുമുടി ഭാഗത്തെ തീയണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പലഭാഗത്തും തീ ആളിക്കത്തുന്നുണ്ട്. കനത്ത പുകയും തീയണക്കലിന് തടസമാകുന്നുണ്ട്.
തീ കെടുത്താൻ ഫയർഫോഴ്സ് പോയിട്ടുണ്ടെങ്കിലും വനമേഖലയിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ചെടികളും മറ്റും കൊണ്ടാണ് വനപാലകരും മറ്റും തീയണക്കുന്നത്. ചെടികൾ കൂട്ടിക്കെട്ടി തല്ലിക്കെടുത്തിയാണ് തീയണക്കുന്നത്. വെള്ളത്തിന്റെ ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്നം. വിവിധ സന്നദ്ധ സംഘടനകൾ സ്ഥലത്തെത്തി തീയണക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. അതിരപ്പിള്ളി വാഴച്ചാൽ മേഖലയിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുന്നില്ല.
കാട്ടുതീ ഉണ്ടായതോ ഉണ്ടാക്കിയതോ….
ചാലക്കുടി: കാട്ടുതീ സ്വയം ഉണ്ടായതല്ലെന്നും മന:പൂർവം ഉണ്ടാക്കിയതാണെന്നും ആരോപണം ശക്തം. കാടിന്റെ പല ഭാഗത്തും ഒരേ സമയം തീപിടിച്ചതാണ് ഇത്തരമൊരു സംശയത്തിന് കാരണം. ആരെങ്കിലും തീ വെക്കാതെ ഇത്തരത്തിൽ കാടിന് തീപിടിക്കില്ലെന്നാണ് പരിസരവാസികളും പരിസ്ഥിതിപ്രവർത്തകരും പറയുന്നത്.
കാട്ടുതീ സ്വാഭാവികമായി ഏതെങ്കിലും ഒരു ഭാഗത്തുനിന്നും പടർന്നുപിടിച്ച് കത്തിക്കയറുകയാണ് ചെയ്യുകയെന്നും പല ഭാഗത്തു നിന്നും തീപിടിത്തമുണ്ടാവില്ലെന്നും ഇവർ പറയുന്നു. കനത്ത ചൂടിൽ കാട്ടുതീയുണ്ടാകുമെങ്കിലും അത്രയ്ക്ക് ചൂട് അനുഭവപ്പെടുന്നില്ലെന്നിരിക്കിലെ അട്ടിമറിയാണെന്ന വാദം ബലപ്പെടുന്നുണ്ട്.