പാമ്പാടി: വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനിടെ പള്ളി ഒാഫീസ് കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ യഥാർഥ പ്രതി കാമാക്ഷി ബിജുവെന്ന് പോലീസ്.
കഴിഞ്ഞ ജനുവരി രണ്ടിനു പുലർച്ചെയാണ് മോഷണം നടന്നത്. മുന്പ് ഈ കേസുമായി ബന്ധപ്പെട്ട് മണർകാട് കുഴിപ്പുരയിടം ചിറയിൽ ലുതീഷ് (പുൽച്ചാടി-23), കാരാപ്പുഴ വാഴയിൽ പുതുവീട്ടിൽ ആദർശ് (ഉണ്ണി-19) എന്നിവരെ പാന്പാടി പോലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.
മറ്റൊരു കേസിൽ പിടിക്കപ്പെട്ട കാമാക്ഷി ബിജു(42)വിനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളൂർ പള്ളിയിലെ മോഷണം നടത്തിയത് താനാണെന്ന് ബിജു പോലീസിനോട് പറഞ്ഞത്. ഇതോടെ ഇന്നലെ പാന്പാടി പോലീസ് ബിജു വിനെ കസ്റ്റഡിയിൽ വാങ്ങി പള്ളിയിലെത്തിച്ചു തെളിവെടുത്തു.
പാന്പാടി വെള്ളൂർ ഭാഗത്ത് മദ്യപിച്ചു അബോധാവസ്ഥയിൽ വഴിയിൽ കിടന്നപ്പോഴാണ് ലുതീഷ്, ആദർശ് എന്നിവരെ പോലീസ് നേരത്തെ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്തപ്പോൾ അന്ന് ഇവർ പറഞ്ഞിരുന്നത് ഇവരല്ല മോഷണം നടത്തിയതെന്നും ഇവർ പള്ളി യിൽ എത്തുന്പോൾ പള്ളി ഓഫീസ് തുറന്നുകിടക്കുകയായിരുന്നുവെന്നുമാണ്. ഇവരുടെ കയ്യിൽ മോഷ്്ടിച്ച പണവും സ്വർണവും ഇല്ലെന്നും പറഞ്ഞിരുന്നു. നന്നായി മദ്യപിച്ചതിനാൽ ബൈക്കിൽ പോകാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വഴിയിൽ വീണുപോകുകയായിരുന്നുവെന്നു മാണ്.
അതേസമയം, തുറന്നുകിടന്നിരുന്ന ഓഫീസിൽ കയറി താക്കോൽ ഇരുന്ന പാത്രത്തിൽ വെള്ളമൊഴിക്കുകയും സേഫിനകത്തെ സാധനസാമഗ്രികളിലും പ്രമാണങ്ങളിലും വെള്ളം ഒഴിക്കുകയും ചെയ്തത് ലുതീഷും ആദർശുമാണെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. പണവും സ്വർണവും ഇവർ മോഷ്ടിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരി രണ്ടിനു പുലർച്ചെ അഞ്ചിനു പ്രധാനശുശ്രൂഷകൻ പള്ളിയിലെത്തിയപ്പോഴാണു മോഷണവിവരം പുറത്തറിയുന്നത്. പള്ളി ഓഫീസിന്റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ട്രസ്റ്റിയുടെ മേശയുടെ അടുത്ത് സ്ഥാപിച്ച സേഫിൽനിന്ന് ഒരു ലക്ഷത്തിനുതാഴെ രൂപ കവർന്നു. പെരുന്നാൾ പ്രമാണിച്ച് അത്യാവശ്യ ചെലവുകൾക്ക് സൂക്ഷിച്ചിരുന്ന 85,515 രൂപയും ചാരിറ്റി ഫണ്ടായ 9,200 രൂപയും ഉൾപ്പെടുന്നു.
പള്ളിയ്ക്കുള്ളിലെ രണ്ട് നേർച്ചപ്പെട്ടികളിൽനിന്നായി 25,000 രൂപയ്ക്കു മുകളിൽ പണം അപഹരിച്ചിരുന്നു. മോഷണം നടത്തിയത് കാമാക്ഷി ബിജുവാണെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.