കയ്പമംഗലം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസിൽ ഉണ്ണികൃഷ്ണൻ നായർ (51), ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വർഗീസ് (67) എന്നിവരെയാണു മതിലകം എസ്ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്വദേശി കണക്കശേരി സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ മകൾക്കു തമിഴ്നാട്ടിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താനായി അഞ്ചു തവണകളായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ നൽകാൻ തയാറായില്ല.
തുടർന്ന് സന്തോഷ് മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ കോട്ടയം സ്വദേശി സലിം എന്നയാളെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സിപിഒമാരായ ഷിജു, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.