എടത്വ: അന്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിൽ ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ പൊട്ടിയത് നന്നാക്കാൻ എടുത്ത കുഴിയിൽ രാത്രിയിൽ ബൈക്ക് യാത്രക്കാരൻ വീണു. തകഴി മാനസം വീട്ടിൽ ഗിരീഷ് (45) ആണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി പതിനൊന്നോടെ അപകടത്തിൽപ്പെട്ട ഗിരീഷിനെ അരമണിക്കൂറിന് ശേഷം മറ്റൊരു ബൈക്ക് യാത്രക്കാരൻ കുഴിയിലെ വെട്ടം കണ്ട് ബൈക്ക് നിർത്തുകയും സമീപത്തെ കടക്കാരനെ വിവരം അറിയിക്കുകയും എടത്വായിൽ നിന്ന് 108 ആംബുലൻസ് വിളിച്ച് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചോരവാർന്ന് കുഴിയിൽ കിടന്ന ഗിരീഷിനെ ആംബുലൻസ് ഡ്രൈവർ അബ്ദുൾസലാം, നഴ്സ് മോൻജിത്ത് എന്നിവർ ചേർന്ന് 15 മിനിറ്റിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തീവൃപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഗിരീഷിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്.
ഉപ്പൂറ്റിക്കും നല്ല പരിക്കുണ്ട്. ഗൾഫിൽ ജോലിയുള്ള ഗിരീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പച്ചയിൽ പോയി രാത്രി വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത സ്ഥലത്ത് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും വഴിവിളക്കുകൾ തെളിയാത്തതുമാണ് അപകടത്തിന് കാരണമായതെന്നെന്നാണ് നാട്ടുകാർ പറയുന്നത്.
മൂന്നാഴ്ച മുന്പാണ് തകഴി കേളമംഗലം 1035-ാം നന്പർ ഗുരുമന്ദിരത്തിന് മുന്നിലായി നിർമാണത്തിലിരുന്ന അന്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയുടെ ഒരു ഭാഗം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടാറിംഗ് ഉൾപെടെ ഒലിച്ചുപോയത്. അന്ന് നാലുമണിക്കൂറോളം ഗതാഗതം പൂർണമായും നിലക്കുകയും ചെയ്തിരുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ പൈപ്പ് നന്നാക്കിയെങ്കിലും വീണ്ടും പന്പിംഗ് നടത്തിയപ്പോൾ പൈപ്പിന് ചോർച്ച ഉണ്ടാവുകയും ചെയ്തിരുന്നു. വീണ്ടും പന്പിംഗ് നടക്കുകയാണെങ്കിൽ ചോർച്ച ഉണ്ടായാൽ പരിഹരിക്കാനായിട്ടാണ് കുഴി മൂടാതെ ഇട്ടിരുന്നത്.