മട്ടാഞ്ചേരി: മട്ടാഞ്ചേരി നിവാസികളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മട്ടാഞ്ചേരി എന്ന സിനിമക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന പനയപ്പിള്ളി ഇവിഎം തിയേറ്ററിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
കൂട്ടായ്മ കോണ്‍ഗ്രസ് പനയപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.എം. അസ്ലം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ. മോഹൻദാസ്, കെ.ബി. സലാം, മുഹമ്മദ് ജെറീസ്, ഷഫീക്ക് കത്തപ്പുര, ആൻസൽ ആന്റണി, സനൽ ഈസ, ഇ.എ. ഹാരിസ്, ആർ.റിയാസ്, കെ.എ. മുഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി എംഎൽഎ കെ.ജെ. മാക്സി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ച മട്ടാഞ്ചേരിയെന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസായത്.
സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മട്ടാഞ്ചേരിയെന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് മഹാത്മാ സോഷ്യൽ കൾച്ചറൽ സെന്റർ എംഎൽഎയ്ക്ക് കത്ത് നൽകിയിരുന്നു. സിനിമപ്രദർശനം നിർത്തി വെച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് സമരക്കാർ പറഞ്ഞു.