അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിന് പ്രത്യേക നേരവും കാലവുമൊന്നുമില്ല. ഇപ്പോള്‍ സിസിടിവി കാമറകളും മൊബൈല്‍ കാമറകളുമെല്ലാം ഉള്ളതിനാല്‍ അപകടങ്ങള്‍ തത്സമയം കാമറക്കണ്ണുകളില്‍ പകര്‍ത്താനും അത് ലോകം മുഴുവന്‍ എത്തിക്കാനും സാധിക്കുന്നു എന്നുമാത്രം.
ചിലപ്പോഴെങ്കിലും ഇത്തരം കാമറക്കണ്ണുകള്‍ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആളുകളെ സഹായിക്കാറുണ്ട്. സമാനമായ രീതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചുമക്കളുടെ കാമറയില്‍ പതിഞ്ഞിരിക്കുകയാണ്. ആലപ്പുഴയിലാണ് സംഭവം.
രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുകയും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഈസമയം ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ അമ്മമ്മ എന്നു കുട്ടികള്‍ വിളിക്കുന്ന സ്ത്രീ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ അമ്മമ്മ അവരെ ശാസിക്കുന്നതും കേള്‍ക്കാം.
അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം. അതേസമയം സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
https://youtu.be/TW88HQSG8UA