വടകര: ലീഗ് വടകര മണ്ഡലം സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ളയെ ജില്ലാ നേതൃത്വം തൽസ്ഥാനത്ത് നിന്നു നീക്കി. ഓർക്കാട്ടേരിയിൽ മദ്രസ അധ്യാപകനും ലീഗിന്റെ മുതിർന്ന നേതാവുമായ എ.വി.അബൂബക്കർ മൗലവിയെ ആദരിക്കുന്ന പരിപാടിക്ക് വേണ്ടി സ്ഥാപിച്ച ബോർഡ് പാതിരാത്രി നശിപ്പിച്ച സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച ജില്ലാകമ്മിറ്റിയുടെ കത്ത് വടകര മണ്ഡലം പ്രസിഡന്റിന് കൈമാറി.
പാർട്ടിക്ക് ഏറെ ദോഷമുണ്ടാക്കിയ കുഞ്ഞബ്ദുള്ളക്കെതിരെ പാർട്ടിക്കകത്ത് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. സെക്രട്ടറിയെ മാറ്റണമെന്ന് മണ്ഡലത്തിലെ നാല് പഞ്ചായത്ത് കമ്മിറ്റികളും വടകര മുനിസിപ്പൽ കമ്മിറ്റിയും ഒറ്റക്കെട്ടായി ആവശ്യപ്പെടുകയുണ്ടായി. ഇതിനെ തുടർന്നാണ് കുഞ്ഞബ്ദുള്ളയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നു മാറ്റി നിർത്തിയുള്ള നടപടി.
കാർത്തികപള്ളി മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒ.കെ.കുഞ്ഞബ്ദുള്ള സെക്രട്ടറിയായ പാനൽ തോൽക്കാൻ എ.വി.അബൂബക്കർ മൗലവി പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു കുഞ്ഞബ്ദുള്ളയുടെ വിവാദ പ്രവൃത്തി. ഇദ്ദേഹം പാതിരാത്രി ഓർക്കാട്ടേരിയിൽ നിന്നു ബോർഡ് നശിപ്പിക്കുന്നത് സമീപത്തെ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇതു മനസിലാക്കിയ കുഞ്ഞബ്ദുള്ള പിറ്റേന്ന് കാലത്ത് പള്ളിയിലെ കംപ്യൂട്ടറിൽ നിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ ഹാർഡ് ഡിസ്ക്ക് ഡൽഹിയിൽ അയച്ച് റിക്കവർ ചെയ്തപ്പോഴാണ് കുഞ്ഞ്ബ്ദുള്ളയുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത തെളിവുണ്ടായ സാഹചര്യത്തിലാണ് അച്ചടക്ക നടപടി. ജോ.സെക്രട്ടറിക്ക് താത്ക്കാലിക ചുമതല നൽകിയിരിക്കുകയാണ്.