മുക്കം( കോഴിക്കോട്): ആഴ്ചയില്‍ അഞ്ചുദിവസവും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരേ ഇടതുമുന്നണി പ്രാദേശിക ഘടകങ്ങളിലും മറ്റും എതിര്‍പ്പ് ശക്തമാകുന്നു. മന്ത്രിമാരെ ഉദ്ഘാടനത്തിനും പാര്‍ട്ടി പരിപാടികള്‍ക്കും മറ്റും മുന്‍പത്തെ പോലെ ലഭിക്കാത്തതാണ് എതിര്‍പ്പുയരാന്‍ കാരണം.
ഇതിലുള്ള നീരസം പല നേതാക്കളും മേല്‍ ഘടകങ്ങളെ അറിയിച്ചതായാണ് സൂചന. സിപിഎം അണികള്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കിടയിലുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ വലിയരീതിയിലുള്ള മുറുമുറുപ്പുകള്‍ ഉയര്‍ന്നുവരുന്നത്. എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദേശം വച്ചിരുന്നു.
എന്നാല്‍ പല മന്ത്രിമാരും ഇത് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞമാസം അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ക്വാറം തികയാതെ വന്നത് വലിയ വിവാദമായ സാഹചര്യത്തില്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി വീണ്ടും ശക്തമായി ഉയര്‍ത്തുകയായിരുന്നു.പല ഭരണപരമായ കാര്യങ്ങള്‍ക്കും മന്ത്രിമാരെ കിട്ടുന്നില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.
ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പല പ്രാദേശിക പരിപാടികളിലും പാര്‍ട്ടി തലത്തിലുള്ള പരിപാടികളിലും മന്ത്രിമാരുടെ സാന്നിധ്യം കുറഞ്ഞു. ഇതാണ് പ്രാദേശിക നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാസം കൊടിയത്തൂരിലെ ഒരു സ്കൂളില്‍ കെട്ടിടോദ്ഘാടനത്തിനായി മുഖ്യമന്ത്രി തന്നെ എത്താമെന്ന് അറിയിച്ചതുകൊണ്ട് രണ്ടു തവണതീയതി മാറ്റി.
പക്ഷെ മുഖ്യമന്ത്രി എത്തിയില്ല. ഇത് പ്രദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പുണ്ടാക്കി. മന്ത്രിമാരുടെ സൗകര്യത്തിനായിപല പദ്ധതികളുടെയും പരിപാടികളുടെയും ഉദ്ഘാടനം പലതവണ മാറ്റിവെച്ച ശേഷം നിവര്‍ത്തിയില്ലായ്മ കൊണ്ട് എംഎല്‍എയെ കൊണ്ടോ ജനപ്രതിനിധികളെ കൊണ്ടോ ഉദ്ഘാടനം ചെയ്യിപ്പിക്കേണ്ട സാഹചര്യം പലയിടത്തും ഈയടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്.
ഇത് പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ആഴ്ചയില്‍ ആകെ കിട്ടുന്ന രണ്ട് ദിവസം കൊണ്ട് മന്ത്രിമാര്‍ക്ക് തലസ്ഥാനത്തിന്റെ പുറത്തേക്ക് കാര്യമായി പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തലസ്ഥാനത്ത് നിന്ന് മന്ത്രിമാര്‍ മാറിനില്ക്കുമ്പോള് അതിന്റെ കാരണം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന നിര്‍ദേശവും മന്ത്രിമാര്‍ക്ക് തിരിച്ചടിയായി.
അതിനാല്‍ പ്രധാന പരിപാടികള്‍ക്കല്ലാതെ ഇപ്പോള്‍ മന്ത്രിമാര്‍ ഡേറ്റ് നല്‍കുന്നില്ല. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂളിന്റെ സപ്തതി ആഘോഷ സമാപനം കഴിഞ്ഞമാസം 24-ന് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നങ്കിലും മന്ത്രിയെ കിട്ടാത്തതിനാല്‍ നടന്നില്ല. അടുത്ത ശനിയാഴ്ച പരിപാടി നടക്കുന്നുണ്ടങ്കിലും മന്ത്രിയെ ലഭിച്ചിട്ടില്ല.
ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ഇത്തരത്തില്‍ മന്ത്രിമാരെ ലഭിക്കാതെ പ്രയാസത്തിലാണ്. തലസ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കാനുള്ള അസൗകര്യം മന്ത്രി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. മന്ത്രിമാര്‍ പങ്കെടുക്കേണ്ട ഇത്തരത്തിലുള്ള നിരവധി പരിപാടികളും പദ്ധതികളുമാണ് ഇപ്പോള്‍ മാറ്റിവെയ്ക്കപ്പെടുന്നത്.