പുനലൂർ: കൊടികുത്തൽ ഭീഷണിയിൽ സംരംഭകർ കേരളം വിട്ടോടുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ബിജെപി പുനലൂർ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോൾ ഇടത് പക്ഷത്തിന്റെ പരിസ്ഥിതി സ്നേഹം സടകുടഞ്ഞെണീൽക്കും. കൈക്കൂലി കിട്ടുന്നത് വരെ നിയമങ്ങൾ വളച്ചൊടിച്ച് കൊടി കുത്തിയും ഭീഷണിപ്പെടുത്തിയും അവരെ ചൂഷണം ചെയ്യും.
അവസാനം ഗതികെട്ട് കേരളം ഉപേക്ഷിച്ച് സംരംഭകർ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറും. എന്നാൽ ഇതേ സഖാക്കൾ വൻകിട മുതലാളിമാർക്കായി നിയമങ്ങളെ ദുർബലപ്പെടുത്തും. ഏക്കറ് കണക്കിന് വനഭൂമി വൻകിട മുതലാളിമാർക്ക് തീറെഴുതി നൽകി. മുതലാളിമാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്.
ഇടത് വലത് മുന്നണികൾ കൊള്ളയടിച്ച സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ബിജെപി നേതൃത്വം നൽകുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ നാളുകൾ വിദൂരമല്ലെന്നും കുമ്മനം പറഞ്ഞു.ആവേശക്കടലായി പുനലൂരിനെ ഇളക്കിമറിച്ചാണ് ജനപക്ഷയാത്ര സമാപിച്ചത്. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് സമാപന വേദിയിലെത്തിയത്.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാർ, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, ജാഥാ ക്യാപ്റ്റൻമാർ എസ്.ഉമേഷ് ബാബു, വിളക്കുടി ചന്ദ്രൻ , ജില്ലാ സെക്രട്ടറിമാരായ ആയൂർ മുരളി, വയക്കൽ സോമൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വി.എസ് ജിതിൻ ദേവ്, എൻആർഐ സെൽ ജില്ലാ കൺവീനർ കെആർജി പിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ബാനർജി, പ്രകാശ് കുമാർ, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. സീതാരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.