തേവലക്കര: വീടുകളിലെ വളർത്തു പക്ഷികളെ കൊന്നു കൊണ്ടിരുന്ന കാട്ടുപൂച്ച ഒടുവിൽ കെണിയിലായി. നിരന്തരമായി വിവിധ വീടുകളിലെ കൂട് തകർത്ത് കോഴികളെ കൊന്നു കൊണ്ടിരുന്ന കാട്ടുപൂച്ചയാണ് തേവലക്കര പുത്തൻസങ്കേതം പുളിയറയിൽ ഗിരിഷ് കെണി വെച്ച് കൂട്ടിലാക്കിയത്.
വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഉപജീവനത്തിന് വളർത്തുന്ന ഗിരീഷിന് കഴിഞ്ഞ കുറെ നാളായുള്ള തലവേദനയാണ് കൂട്ടിലകപ്പെട്ടതോടെ ഒഴിഞ്ഞ് പോയത്. ഇവിടെ നിന്നും നിരന്തരമായി കോഴികളെയും കുഞ്ഞുങ്ങളെയും കൂട്ടിൽ നിന്നും കാണാതാകുന്നത് പതിവായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 30 കോഴികളാണ് നഷ്ടമായത്. സാമൂഹ്യ വിരുദ്ധരാണന്ന സംശയത്തിലായിരുന്നെങ്കിലും ദിവസങ്ങൾക്ക് മുൻപ് കോഴികളുടെ കാലും തലയും കടിച്ചുകീറിയിട്ടത് കണ്ടതോടെയാണ് ഇരുമ്പ് കൂടൊരുക്കി കെണി വെച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പശുവിന്റെ പാൽ കറവയ്ക്കായി തൊഴുത്തിലെത്തിയപ്പോഴാണ് കൂട്ടിനുള്ളിൽ കാട്ടുപൂച്ച കുടുങ്ങിയത് കാണുന്നത്. വള്ളിപ്പുലി എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് പിടിയിലായത്. ഗിരീഷ് വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി കാട്ടുപൂച്ചയെ ഏറ്റെടുത്തു.