മുംബൈ: വിദേശവ്യാപാരത്തിനു സമ്മതപത്ര(ലെറ്റർ ഓഫ് അണ്ടർ ടേക്കിംഗ്-എൽഒയു)ങ്ങളും ആശ്വാസപത്ര(ലെറ്റർ ഓഫ് കംഫർട്ട്)ങ്ങളും നല്കുന്നതു റിസർവ് ബാങ്ക് വിലക്കി. പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ലെ വൻ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണിത്. വിലക്ക് ഉടനടി പ്രാബല്യത്തിലായി.
സ്വർണം, വജ്രം, മറ്റു രത്നങ്ങൾ എന്നിവ ഇറക്കുമതിചെയ്യുന്നവർക്കു വില, ചരക്കുനീക്കം എന്നിവ സംബന്ധിച്ച അപായസാധ്യത പരിമിതപ്പെടുത്തുന്ന ഹെഡ്ജിംഗ് ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
പിഎൻബിയുടെ എൽഒയു ഉപയോഗിച്ചു മുപ്പതോളം ബാങ്കുകളിൽനിന്നായി 13,000 കോടിയോളം രൂപ തട്ടിയെടുത്തു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും മുങ്ങിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
അപ്രതീക്ഷിതമായ ഈ നടപടി ബാങ്കുകളെയും ഇറക്കുമതി-കയറ്റുമതി മേഖലയെയും വല്ലാതെ ഉലയ്ക്കും. സ്വർണ-വജ്ര വിപണിയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇറക്കുമതിക്കു നിലവിൽ ഉണ്ടായിരുന്ന ധനകാര്യ ക്രമീകരണം മുഴുവൻ ഇല്ലാതാക്കുന്നതാണു നടപടി. ഇന്ന് ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം.
ഇറക്കുമതി നടത്തുന്നവർ വിദേശത്തെ ഉത്പന്നദാതാവിനു പണം നല്കുന്ന ബാങ്കിലാണ് എൽഒയു നല്കുന്നത്. ബാങ്ക് അതു വാങ്ങി പണം നല്കും. നിശ്ചിതസമയത്ത് ഇറക്കുമതിക്കാരൻ പണമടച്ചില്ലെങ്കിൽ എൽഒയു നല്കിയ ബാങ്ക് പണം നല്കണം. ഈ സാധ്യത വർഷങ്ങളായി ദുരുപയോഗിച്ചാണു മോദിയും ചോക്സിയും വജ്രവ്യാപാരം നടത്തിപ്പോന്നത്.
ചെറിയ തുകയ്ക്കുള്ള എൽഒയുവിലെ പണമടയ്ക്കാൻ വലിയ തുകയ്ക്ക് എൽഒയു എടുക്കും. വീണ്ടും അത് അടയ്ക്കാൻ കൂടുതൽ വലിയ എൽഒയു. ഇങ്ങനെ 12,967.86 കോടി രൂപയുടെ ബാധ്യതയാണു പിഎൻബിയുടെ തലയിൽ വന്നത്. മോദിയും ചോക്സിയും കുടുംബസമേതം രാജ്യംവിട്ടു പോകുകയും ചെയ്തു.
ഇപ്പോൾ റിസർവ് ബാങ്കിന്റെ നടപടി എല്ലായിനം ഇറക്കുമതിക്കാർക്കും പ്രശ്നം സൃഷ്ടിക്കും. സ്വർണത്തിനും രത്നങ്ങൾക്കും വിലവ്യതിയാനത്തിൽനിന്നു സംരക്ഷണം നല്കുന്ന ഹെഡ്ജിംഗ് വിലക്കിയത് ഇറക്കുമതി കുറയ്ക്കാൻ കാരണമാകും.
എൽഒയുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതു ബാങ്കുകളെയും ഇറക്കുമതിക്കാരെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കും. ഇന്നലെ വൈകുന്നേരം വരെ കൈമാറിയതും എന്നാൽ മാസങ്ങൾക്കകം മാത്രം ഇടപാട് പൂർത്തീകരിക്കേണ്ടതുമായ എൽഒയുകൾ ഉണ്ട്. അവയുടെ ബാധ്യത സംബന്ധിച്ചു വിശദീകരണം വന്നിട്ടില്ല.