നിലന്പൂർ: പ്രണയം നടിച്ചു സ്ത്രീകളെ വശത്താക്കി പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവിനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. എറണാകുളം കുന്പളങ്ങി സ്വദേശി കുറുപ്പശേരി പ്രവീണ്‍ ജോർജ് എന്ന മണവാളൻ പ്രവീണിനെ (36) ഇന്നലെ പിടികൂടിയിരുന്നു.
ഇയാൾ തട്ടിപ്പു നടത്തിയ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടക്കുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നിലന്പൂർ സിഐ കെ.എം.ബിജുവും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ടു യുവതികളുടെ വിശ്വസ്തനായ ശേഷം തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇയാൾ. ഇതിനു പുറമെ വിവാഹ വാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം വിവാഹം കഴിഞ്ഞു താമസിക്കാൻ വാടക ക്വാർട്ടേഴ്സ് നോക്കാമെന്നു പറഞ്ഞു നിലന്പൂർ ചന്തക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ കൊണ്ടുവന്നു കോളയിൽ മദ്യം ചേർത്തു കുടിപ്പിച്ച ശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയും യുവതി അണിഞ്ഞിരുന്ന 15 പവൻ സ്വർണാഭരണങ്ങളുമായി മുങ്ങുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.
മിസ്ഡ് കോളിലൂടെ സ്ത്രീകളെ പരിചയപ്പെടുന്ന ഇയാൾ നന്പർ മാറി പോയതാണെന്ന് ആദ്യം പറയും. പിന്നീട് പലപ്പോഴായി വിളിച്ചു സ്ത്രീകളുമായി പരിചയത്തിലാകും. തുടർന്നു സ്ത്രീകളുടെ പേരിൽ സിം കാർഡുകൾ എടുപ്പിക്കും.
ഇങ്ങനെ എടുക്കുന്ന നന്പറുകളിൽ നിന്നാണ് മറ്റു സ്ത്രീകളെ വിളിച്ചിരുന്നത്. ഒരു നന്പറിൽ നിന്നു ഇയാൾ രണ്ടു സ്ത്രീകളെ മാത്രമാണ് വിളിച്ചിരുന്നത്. പരിച്ചയപ്പെട്ട മറ്റു സ്ത്രീകൾ വിളിക്കുന്പോൾ ബിസിയാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് ഇയാളുടെ മൊഴി.
പരിചയപ്പെടുന്ന സ്ത്രീകൾക്കു തന്റെ ഫോട്ടോയോ വിലാസമോ നൽകിയിരുന്നില്ല. വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകൾ ഇയാൾ ഉപയോഗിച്ചിരുന്നില്ല. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി 12ലധികം സ്ത്രീകളുമായി അടുപ്പത്തിലാണെന്നും ഇതിൽ ചിലരെ ഭാര്യമാരായി വിവിധ വാടക ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചിരിക്കയാണെന്നും പ്രവീണ്‍ മൊഴി ൽകിയിട്ടുണ്ട്.
സ്ഥിരമായി ഒരു മൊബൈൽ നന്പർ ഉപയോഗിക്കാത്തതിനാൽ ഇയാൾ സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന നന്പറുകൾ കണ്ടെത്തിയും വിവിധ സംസ്ഥാനങ്ങളിൽ ട്രെയിൻ മാർഗം സഞ്ചരിക്കുന്നതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനുമിടയിലാണ് ഇയാൾ അറസ്റ്റിലായത്.
മലപ്പുറം ജില്ലാ പോലീസ്് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതത്വത്തിൽ നിലന്പൂർ സിഐ കെ.എം.ബിജു, എസ്ഐ സി.പ്രദീപ് കുമാർ, റെന്നിഫിലിപ്പ്, എം.മനോജ്, പി.സി.വിനോദ്, ടി.ബിനോബ്, ജാബീർ, ജയരാജ്, റൈഹാനത്ത് തുടങ്ങിയവരാണ് ഇയാളെ വലയിലാക്കിയത്.