പൊൻകുന്നം: വഴക്കുണ്ടാക്കുന്ന പിള്ളേരെ പോലീസ് പിടിച്ചോണ്ട് പോകുമെന്ന അമ്മമാരുടെ ഭീഷണി ഒന്ന് കണ്ടറിയാൻ തന്നെ അവരെത്തി. ആനക്കല്ല് നൈറ്റ് വാലി ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥികളാണ് പോലീസ് മാമൻമാരെയും അവരുടെ പ്രവർത്തനങ്ങളെയും കണ്ടറിയാൻ പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷനിലെത്തിയത്.
അമ്മ പറഞ്ഞ പോലീസ് കള്ളൻമാരെയേ പിടിച്ചോണ്ട് പോകൂ എന്നവർ അറിഞ്ഞപ്പോൾ ആശ്വാസമായി. പിന്നെ സ്റ്റേഷനിലെ തോക്കുകളും പ്രവർത്തനവും സെല്ലും വയർലെസ് സെറ്റിന്റെ പ്രവർത്തനവുമെല്ലാം നേരിൽ കണ്ടറിഞ്ഞപ്പോൾ പലരും ഉള്ളിൽ ഒരു കുട്ടിപ്പോലീസായി.
സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആർ. പ്രമോദ് തോക്കിന്റെയും സെല്ലിന്റെയും പ്രവർത്തനം വിശദീകരിച്ചു. എസ്ഐ എ.സി. മനോജ്കുമാറും പോലീസ് പിആർഒ അബ്ദുൾ ഹാഷീമും കുഞ്ഞുങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി കൂടെ കൂടിയതോടെ സ്റ്റേഷൻ ക്ലാസ് മുറിയായി മാറി. ഒടുവിൽപോകാൻനേരം കുരുന്നുകൾക്ക് മധുരം നൽകിയാണ് പോലീസ് പറഞ്ഞയച്ചത്.
ആഴ്ചയിൽ ഒരു ദിവസം പൊതുജന സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം അറിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്കൂളിലെ എൽകെജി വിദ്യാർഥികൾ പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ കാഞ്ഞിരപ്പള്ളി കോടതിയുടെ പ്രവർത്തനം കണ്ടറിഞ്ഞതിനു ശേഷമായിരുന്നു പൊൻകുന്നം പോലീസ് സ്റ്റേഷനിലെത്തിയത്. അധ്യാപികമാരായ ഷൈനി ആന്റണി, സോണിയ ബിനു, റോസു കുര്യൻ എന്നിവർ കുട്ടികൾക്കൊപ്പം എത്തിയിരുന്നു.