തളിപ്പറന്പ്: കീഴാറ്റൂർ വയൽ അളന്നെടുക്കാൻ ദേശീയപാതാ അഥോറിറ്റി അധികൃതര്‍ എത്താനിരിക്കെ ആത്മഹത്യാഭീഷണിയുമായി വയൽക്കിളികൾ. ഇന്നു രാവിലെ ദേശീയപാതാ അഥോറിറ്റി അധികൃതര്‍ കീഴാറ്റൂര്‍ വയല്‍ അളന്നെടുക്കാനായിരുന്നു തീരുമാനം.
എന്നാൽ പെട്രോൾ ദേഹത്ത് ഒഴിച്ച് സമരസമിതി പ്രവർത്തകർ വയലിൽ തന്പടിച്ചിരിക്കുകയാണ്. മഫ്തിയിലുള്ള പോലീസ് സംഘം വയൽ വളഞ്ഞിരിക്കുകയാണ്. കീഴാറ്റൂർ വായനശാലയ്ക്ക് സമീപം നൂറോളം സിപിഎം പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്.
ഇന്നുരാവിലെ 7.30 ഓടെ വയൽക്കിളികൾ കീഴാറ്റൂരിലെത്തുകയായിരുന്നു. വയൽക്കിളി പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ, ജാനകിയമ്മ, സി. മനോഹരൻ, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള വയൽകാവൽപുരയിലെത്തിയത്. കൈയിൽ പെട്രോൾ നിറച്ച കുപ്പികളുമായാണ് ഇവർ എത്തിയത്.
തുടർന്ന് വയലിന്റെ പലഭാഗങ്ങളിലും ഇവർ തീയിടുകയായിരുന്നു. 8.30 ഓടെ തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, എസ്എച്ച്ഒ പി.കെ. സുധാകരൻ, എസ്ഐ വിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി.
പോലീസിനെ കണ്ടതോടെ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ ജാനകിയും ഉൾപ്പെടെയുള്ള പ്രവർത്തകർ കൈയിലുള്ള പെട്രോൾ ദേഹത്തൊഴിക്കുകയായിരുന്നു. സ്ഥലം അളക്കാൻ ആളുകൾ വന്നാൽ തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ കീഴാറ്റൂർ സംഘർഷാവസ്ഥയിലായി. സ്ത്രീകൾ അടക്കമുള്ള നിരവധിപേർ വയലിലേക്ക് എത്തുകയും ചെയ്തു.
തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ സമരസമിതി പ്രവർത്തകരുമായി ആദ്യം ചർച്ചയ്ക്ക് വന്നെങ്കിലും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ കൈയിലിരുന്ന ലൈറ്റർ കത്തിച്ച് കാണിച്ചു. ഇതോടുകൂടി പോലീസ് പിൻമാറി.
സ്ഥലം അളക്കുന്നവരോ ഫയർഫോഴ്സോ സ്ഥലത്തെത്തിയാൽ തീയിലേക്ക് ചാടുമെന്നാണ് ഇവർ പറയുന്നത്. പോലീസുമായി ചർച്ച തുടരുകയാണ്. കീഴാറ്റൂരിന് സമീപത്തുള്ള കൂവോട് ഭാഗത്തെ വയലുകൾ ഇപ്പോൾ ദേശീയപാതാ അഥോറിറ്റി അധികൃതര്‍ അളക്കുകയാണ്. സംഘർഷാവസ്ഥ നിലനില്‍ക്കുന്ന കീഴാറ്റൂരിൽ മഫ്തിയിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിനിടയിൽ കൂട്ടിയിട്ട വൈക്കോലുകളിൽ വയൽക്കിളി പ്രവർത്തകർ തീയിടുന്നുണ്ട്.
എന്തു വിലകൊടുത്തും അളവ് നടത്തുന്നതു തടയുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിക്കുകയും ഭൂവുടമകളുടെ സമ്മതപത്രം കിട്ടിക്കഴിഞ്ഞതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനു തടസമില്ലെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരിക്കെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് കീഴാറ്റൂര്‍ ഗ്രാമം. പുറത്തുനിന്ന് കീഴാറ്റൂരിലെത്തുന്നവരെ വഴിയില്‍ തടയാന്‍ പോലീസിന് ഉന്നതതല നിര്‍ദേശം ലഭിച്ചതായും സൂചനയുണ്ട്.