മഞ്ഞപ്ര: മഞ്ഞപ്ര-കാലടി റോഡിൽ പാറക്കുളത്തിന് സമീപം ടാറിംഗ് റോഡിൽനിന്നു നീങ്ങിയ നിലയിലായത് അപകടഭീഷണിയുയർത്തുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഒരു വർഷം മുന്പ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ റോഡാണിത്.
പാറക്കുളത്തിനു സമീപമുള്ള വളവിലാണ് ടാറിംഗ് നിരങ്ങി നീങ്ങിയിരിക്കുന്നത്.
ഇതു മൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് കുഴികൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. അപകടം സാധ്യത മുന്നിൽ കണ്ട് നാട്ടുകാർ ഇവിടെ മുന്നറിയിപ്പായി കൊടി സ്ഥാപിച്ചിട്ടുണ്ട്. ടിപ്പർ, ടോറസ് പോലുള്ള വലിയ വാഹനങ്ങൾ വേഗതയിൽ അമിതഭാരം കയറ്റി പോകുന്നതാണ് റോഡ് തകരുവാൻ പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വളവായതിനാൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ തിരിയുന്പോൾ റോഡിനു ഭാരം താങ്ങാനാവാതെയാണ് ടാറിംഗ് നിരങ്ങി നീങ്ങുന്നതെന്നാണ് ഇവർ പറയുന്നത്. ബന്ധപ്പെട്ടവരെ നിരവധി തവണ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും നിർമാണം നടത്തി ഒരു വർഷമാകുന്പോഴേക്കും റോഡ് തകർന്നതിനാൽ നിർമാണത്തിലെ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.