വലിയ എന്തെങ്കിലും തെറ്റില്‍ നിന്ന് സമൂഹത്തെ മുഴുവന്‍ തിരുത്തുന്നതിനേക്കാള്‍ വളരെ എളുപ്പമുള്ള കാര്യമാണ് ആ തെറ്റ് സ്വയം തിരുത്തുക എന്നുള്ളത്. അത്തരത്തിലുള്ള ഒരു തെറ്റാണ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങളുടെ ഉപയോഗം. ഈയൊരു വിപത്തിനെതിരെയുള്ള ബോധവത്കരണം എന്ന രീതിയില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ നായകനാവുന്ന തെന്നിന്ത്യന്‍ താരം ശിവകാര്ത്തിയാണ് സമൂഹത്തെ ഉപദേശിക്കുക എന്നതിലപ്പുറം സ്വയം മാതൃകയാകാന്‍ കൂടി തീരുമാനമെടുത്തിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങള്‍, ബര്‍ഗ്ഗര്‍, തുടങ്ങിയ ജങ്ക് ഫുഡുകള്‍ എന്നിവയ്ക്കെതിരെ പ്രതിഷേധവുമായാണ് വേലക്കാരന് എന്ന ചിത്രമെത്തുന്നത്. തെന്നിന്ത്യന്‍ താരം ശിവകാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താന്‍ എന്തുകൊണ്ട് ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി എന്നതിനെപ്പറ്റി ശിവകാര്‍ത്തി വിശദമാക്കിയത്. ജങ്ക് ഫുഡുകള്‍ താന്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം താന്‍ ഒഴിവാക്കിയത്.
തന്റെ ഈ ശീലങ്ങള്‍ നാലരവയസ്സുള്ള തന്റെ മകളിലും പകരാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പിസ്സ, ബര്‍ഗര്‍ തുടങ്ങിയ യാതൊരുവിധ ജങ്ക് ഫുഡുകളും അവള്‍ക്ക് നല്‍കിയിട്ടില്ല. ശരീരത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ശിവകാര്‍ത്തി പറഞ്ഞു.
വേലൈയ്ക്കാരന്‍ എന്ന ചിത്രം ഇത്തരം സോഫ്റ്റ് ഡ്രിങ്ക്സുകള്‍ക്കും ജങ്ക് ഫുഡുകള്ക്കുമെതിരെയുള്ള പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ചിത്രത്തോടെ മറ്റൊരു തീരുമാനം കൂടി താനെടുത്തെന്നും ശിവകാര്‍ത്തി പറഞ്ഞു.
ജങ്ക് ഫുഡുകള്‍ക്കായുള്ള പരസ്യങ്ങളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്നാണ് താരം പറഞ്ഞത്. എന്റെ മകള്‍ക്ക് നല്‍കാത്ത സാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ശിവകാര്‍ത്തി പറഞ്ഞു.