ചാവക്കാട്: തീരവാസികളെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തി എത്തിയ ന്യൂനമർദം ഇന്നലെ കാറ്റും ചെറിയ മഴയുമായി കടന്നുപോയി. മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെയും ഇന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. മുന്നറിയിപ്പ് വകവയ്ക്കാതെ മത്സ്യബന്ധനത്തിന് പോകാൻ തുനിഞ്ഞവരെ തീരദേശ പോലീസ് കരയ്ക്ക് കയറ്റി.
തീരപ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും പരക്കെ മഴ പെയ്തെങ്കിലും കനത്ത മഴ എവിടെയും എത്തിയില്ല. മുന്നറിയിപ്പ് ആശങ്കപരത്തിയെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ചൂടിന് കുറവില്ല. നാളെവരെ കടലിൽ പോകുന്നത് നിരോധിച്ചതിനാൽ തെക്കൻ മേഖലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് പോയി.
സീസണിൽ മത്സ്യബന്ധനം തടസപ്പെട്ടത് ബോട്ട് തൊഴിലാളികളെയും ഫൈബർ വള്ളക്കാരേയും അനുബന്ധ തൊഴിലാളികളേയും വിഷമത്തിലാക്കി. എല്ലാ വിഭാഗത്തിൽപെട്ടവരും നിരാശയിലാണ്. കടലോരം വിജനമാണ്. ആരവമില്ല.
ഓഖി ദുരന്തത്തിന്റെ ഭാഗമായി എല്ലാവിഭാഗവും ജാഗ്രതയിലായിരുന്നു.
തീരദേശ പോലീസ്, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, റവന്യൂവകുപ്പ് സജീവമായിതന്നെ രംഗത്ത് വന്നത് തീരവാസികൾക്ക് ആശ്വാസമായി. നാളെയും കൂടി ശാന്തമായി കടന്നുപോയാൽ മത്സ്യബന്ധനം നടത്താമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.