മഞ്ചേരി: പതിനേഴുകാരിയെ പ്രേമം നടിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി പത്തു വർഷം കഠിന തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൊ·ള ആക്കപ്പറന്പ് ചേങ്ങോട്ടൂർ പട്ടത്ത് സന്ദീപി(28)നെയാണ് ജഡ്ജി കെ.പി സുധീർ ശിക്ഷിച്ചത്.
2014 ജൂണ്‍ 27നും ജൂലൈ 10നും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പരാതിക്കാരിയുടെ വീട്ടിൽ രാത്രി 12.30ന് അതിക്രമിച്ചു കയറിയ പ്രതി പ്രേമം നടിച്ച് പെണ്‍കുട്ടിയെ വീടിനടുത്തുള്ള പറന്പിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരം പത്തു വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം അഞ്ചു മാസത്തെ അധിക തടവ്, ഇന്ത്യൻ ശിക്ഷാ നിയമം 450 പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നു വർഷം കഠിന തടവ്, 1000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
കേസിൽ പത്തു സാക്ഷികളെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി മുന്‍പാകെ വിസ്തരിച്ചു. 17 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശം നൽകി.