സ്വന്തം ലേഖകന്‍
കോഴിക്കോട്: എസ്ബിഐയുടെ പേര് ദുരുപയോഗം ചെയ്ത് എസ്ബിഐ കാര്‍ഡ്സ് എന്ന സ്ഥാപനം ഉപയോക്താക്കളെ പിഴിയുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായവർ നിയമനടപടി ആരംഭിച്ചു. വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാൻ മുപ്പതോളം പേര് ഒപ്പിട്ട നിവേദനം എം.കെ.രാഘവന് എംപിയ്ക്ക് കൈമാറിയിരിക്കുകയാണ്.
ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന കമ്പനിമാത്രമായ എസ്ബിഐ കാര്‍ഡ്സ് എന്ന സ്ഥാപനം തുടക്കത്തില്‍ കാര്‍ഡ് ലഭിക്കുന്നതിന് പണമൊന്നും അടയ്ക്കേണ്ടതില്ലെന്ന് അറിയിക്കുകയും പിന്നീട് പണം ഈടാക്കുകയും ചെയ്തുവെന്നാണ് പരാതി. മാത്രമല്ല സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതര ബാങ്കുകളുടെ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും ഇവരുടെ ബ്രാഞ്ചുകളില്‍ സ്ഥാപിക്കുന്ന പെട്ടികളിലാണ് ഉപയോക്താക്കള്‍ ചെക്കുകൾ നിക്ഷേപിക്കുന്നത്. ഫോണ്‍ വഴിയാണ് കന്പനി ഉപയോക്താക്കളെ കണ്ടെത്തുന്നത്. എസ്ബിഐയിൽ അക്കൗണ്ടുള്ളവരും അല്ലാത്തവരും ഈ രീതിയില്‍ കബളിക്കപ്പെടുന്നുണ്ട്.
തട്ടിപ്പ് മനസിലായതോടെ പലരും കാര്‍ഡ് ഉപയോഗിക്കുന്നത് നിര്‍ത്തി കാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കമ്പനി തയാറായില്ല. കാന്‍സല്‍ ചെയ്യണമെങ്കില്‍ പിന്നെയും തുക ആവശ്യപ്പെടുകയാണെന്ന് തട്ടിപ്പിനിരയായവര്‍ ജില്ലാ ലീഗല്‍സര്‍വീസ് അഥോറിറ്റിക്ക് മുന്‍പാകെ പരാതി നൽകി.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് അദാലത്ത് സംഘടിപ്പിച്ചിരുന്നുവെങ്കിലും എസ്ബിഐ കാര്‍ഡ് അധികൃതര്‍ ആരും എത്തിയില്ല.പകരം കമ്പനിയുടെ അഭിഭാഷകനാണ് ഹാജരായത്. തുടര്‍ന്ന് അദാലത്ത് നടത്താതെ ഒഴിവാക്കുകയായിരുന്നു.
17-ന് നടക്കുന്ന ബാങ്കിംഗ് അവലോകനയോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്ന് എം.കെ.രാഘവന് എംപി അറിയിച്ചു.തീരുമാനമായില്ലെങ്കില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കേതിരേ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുമെന്നും എംപി അറിയിച്ചു.