തികച്ചും അപ്രതീക്ഷിതമായിരുന്നു! എങ്കിലും ഇത് ജനങ്ങളുടെ വിധിയാണ്, ഞങ്ങളതിനെ ബഹുമാനിക്കുന്നു; പരാജയത്തിന്റെ കാരണം കണ്ടെത്തി തിരിച്ചുവരും; ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം

ജനങ്ങളുടെ വിധി അംഗീകരിക്കുന്നെന്നും ഫലം അപ്രതീക്ഷിതമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരക്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ അമിതമായ ആത്മവിശ്വാസമാവാം തോല്‍വിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ജനങ്ങളുടെ വിധിയാണ്, ഞങ്ങളതിനെ ബഹുമാനിക്കുന്നു. വിജയികളെ അഭിനന്ദിക്കുന്നു’- യോഗി മാധ്യമങ്ങളോട് പറഞ്ഞു. ബി.എസ്.പിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും ഒത്തുതീര്‍പ്പ് സഖ്യം വികസനത്തിന് എതിരായി രൂപപ്പെട്ടതാണെന്നും പരാജയത്തിന് കാരണം വിലയിരുത്തി മെച്ചപ്പെട്ട പദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബി.ജെ.പി നേരിട്ടത്. ഗൊരഖ്പൂരില്‍ എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 27000 വോട്ടുകളുടെ ലീഡുമായി വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ഫുല്‍പൂരില്‍ എസ്.പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിംഗ് 59613 വോട്ടുകള്‍ക്ക് വിജയിച്ചു.

 

Related posts