ചെസിൽ ഇന്ത്യയുടെ അത്ഭുതബാലൻ നിഹാൽ സരിൻ ഗ്രാൻഡ് മാസ്റ്റർ പദവിക്കു തൊട്ടരികിൽ. റെയ്ക്ക്ജാവിക്കിൽ നടന്ന ബോബി ഫിഷർ സ്മാരക ഇന്റർനാഷണൽ ഓപ്പണ്‍ ചെസ് ടുർണമെന്റിൽ പതിമ്മൂന്നുകാരൻ മലയാളി ഇന്റർനാഷണൽ മാസ്റ്റർ നിഹാൽ സരിൻ തന്റെ രണ്ടാം ഗ്രാൻഡ്മാസ്റ്റർ നോം നേടി. കഴിഞ്ഞ വർഷം ഏപ്രിലിൽ നോർവയിൽ നടന്ന ഫാഗെർ നെസ് ഇന്റർനാഷണൽ ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിലാണ് നിഹാലിന് ആദ്യ ജിഎം നോം ലഭിച്ചത്. ഒരു ജിഎം നോമുകൂടി നേടിയാൽ നിഹാൽ സരിൻ ഗ്രാൻഡ് മാസ്റ്റർ പദവിക്കർഹനാകും.
ഒന്‍പതു റൗണ്ടു മൽസരം നടന്ന ഇതിൽ ഏഴു റൗണ്ടു മൽസരം കഴിഞ്ഞപ്പോൾ അഞ്ചര പോയിന്റും 2767 റേറ്റിംഗ് പെർഫോമൻസും ഉണ്ടായിരുന്ന നിഹാൽ ജിഎം നോമിന് അർഹനായിരുന്നു. പിന്നീടു നടന്ന എട്ടാം റൗണ്ടിൽ സമനില നേടിയ നിഹാൽ ഒൻപതാം റൗണ്ടിൽ ജിഎം ല ഗാർ ദേ മാക്സി മേയോട് ആദ്യ പരാജയം ഏറ്റുവാങ്ങി.
ഒരു വനിതാ ജിഎം ഉൾപ്പടെ എട്ടു ഗ്രാൻഡ് മാസ്റ്റർമാരുമായി കളിച്ച നിഹാൽ അതിൽ മൂന്നു പേരെ പരാജയപ്പെടുത്തുകയും ഒന്നാം സീഡായിരുന്ന റിച്ചാർഡ് റാപ്പോർട്ടും ഗതാം കാംസ്കിയും ഉൾപ്പെടെ നാലു ഗ്രാൻഡ് മാസ്റ്റർമാരുമായി സമനില നേടുകയും ചെയ്തു. ഏഴര പോയിന്റു നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഭാസ്കരൻ അധിപനാണ് ഇതിൽ ചാന്പ്യൻപട്ടം നേടിയത്.
കേരളത്തിന്റെ കായികചരിത്രത്തിൽ മറ്റേത് താരത്തെയും വെല്ലുന്ന നേട്ടങ്ങളാണ് 13 വയസിനകം നിഹാൽ നേടിയിരിക്കുന്നത്. 2016ൽ അസാമാന്യനേട്ടങ്ങൾ കരസ്ഥമാക്കിയ ബാലപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡും നിഹാൽ കരസ്ഥമാക്കിയിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോ. സരിൻ-ഡോ. ഷിജി ദമ്പതികളുടെ മകനായ നിഹാൽ തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി നേഹ സരിൻ ഇതേ സ്കൂളിൽ മൂന്നാംക്ലാസിലാണ്.
ടി.കെ. ജോസഫ് പ്രവിത്താനം