ക്യാംപ്നൗ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ക്യാംപ്നൗവിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു കീഴടക്കിയാണ് ബാഴ്സ മുന്നേറിയത്.
രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ ലയണൽ മെസിയുടെ മാസ്മരിക പ്രകടനമായിരുന്നു ബാഴ്സ വിജയത്തിന്റെ സവിശേഷത. ഇതോടെ ഇരു പാദത്തിലുമായി 4-1 എന്ന അഗ്രിഗേറ്റ് സ്കോറിൽ വിജയിക്കാൻ ബാഴ്സയ്ക്കായി. സമനിലയിൽ പരിഞ്ഞ ആദ്യപാദ മത്സരത്തിലും മെസി ഗോൾ നേടിയിരുന്നു.
Lionel Messi vs. Chelsea
The best player in the world stepped up in a big way as he often does. Two goals and a magical assist sent Barcelona through. pic.twitter.com/s3ZLQ6xVGl
— EiF (@EiF_Highlights) March 14, 2018
മത്സരത്തിനു 127 സെക്കൻഡ് മാത്രം പ്രായമുള്ളപ്പോൾ ബാഴ്സയുടെ ആദ്യ ഗോളെത്തി. മെസി-ഒൗസ്മൻ ഡെംബാല-ലുയിസ് സുവാരസ് കൂട്ടുകെട്ടിന്റെ മുന്നേറ്റം മനോഹരമായ ഒരു വലംകാലനടിയിലൂടെ മെസി വലയിലാക്കുകയായിരുന്നു. 20-ാം മിനിറ്റിൽ ബാഴ്സ ലീഡ് ഉയർത്തി. മെസിയായിരുന്നു ഗോളിന്റെ സൂത്രധാരൻ. ബോക്സിനുള്ളിൽനിന്നു മെസി നൽകിയ പാസ് ഉജ്ജ്വല ഷോട്ടിലൂടെ ഡെംബാല വലയിലാക്കി.
ആദ്യ പകുതി ബാഴ്സയുടെ ആധിപത്യത്തിൽ അവസാനിച്ചു രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി തുടർമുന്നേറ്റങ്ങളുമായി ബാഴ്സ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. കളിയുടെ ഗതിക്കു വിപരീതമായി 63-ാം മിനിറ്റിൽ വീണ്ടും മെസിയുടെ ഗോളെത്തി. മെസിയുടെ ഇടംകാലിൽനിന്നു പാഞ്ഞ പന്ത് ഗോളി കുർട്ടോയിസിനെ മറികടന്ന് വല കുലുക്കിയപ്പോൾതന്നെ ചെൽസി ചാന്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഉപേക്ഷിച്ചിരുന്നു.
തുടർച്ചയായ 11-ാം തവണയാണ് ബാഴ്സ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. റയൽമാഡ്രിഡ്, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി, സെവിയ്യ, റോമ, ബയേണ് മ്യൂണിച്ച് എന്നീ ടീമുകളാണ് ബാഴ്സയ്ക്കു പുറമേ ക്വാർട്ടർ കളിക്കാൻ യോഗ്യത നേടിയ മറ്റു ക്ലബ്ബുകൾ.