ചെന്നൈ: സിനിമകളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അണിയറക്കാർ അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം സ്വദേശി കാർത്തി, സുരേഷ്, ടിഎൻ റോക്കേഴ്സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെൽവേലി സ്വദേശി ജോണ്സണ്, മരിയ ജോണ്‍ തുടങ്ങിയവരെയാണ് ആന്റി പൈറസി സെൽ അറസ്റ്റു ചെയ്തത്.
തമിഴ് റോക്കേഴ്സ്. ടിഎൻ റോക്കേഴ്സ്, ഡിവിഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളിൽ വരുന്ന പരസ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നാണു സൂചന. പുതിയ സിനിമകൾ വ്യാജമായി പകർത്തി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിനനുസരിച്ച് വിവിധ പരസ്യ ഏജൻസികൾ മുഖേന ഇവരുടെ അക്കൗണ്ടിലേയ്ക്കു തുക ലഭിക്കുകയാണുണ്ടായിരുന്നത്.
തമിഴ് റോക്കേഴ്സ് ഉടമ കാർത്തിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഒരു കോടിയിലധികം രൂപയുടെ വരുമാനം വ്യാജ സിനിമാപകർപ്പുകൾ മുഖേന സന്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പൈറസി നടത്താൻ ഉപയോഗിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്, മൊബൈൽഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.