തിരുവനന്തപുരം: സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ തീരുമാനം അറിയിക്കാത്തതിനെ തുടർന്നു കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നതു സംബന്ധിച്ച ഫയൽ മന്ത്രിസഭ പരിഗണിക്കാതെ മാറ്റിവച്ചു.
സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാൻ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
എന്നാൽ, സിപിഐ നിർദേശമനുസരിച്ചു പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന അഭിപ്രായവും സർക്കാർ പരിഗണനയിലുണ്ട്. അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.