മലപ്പുറം: ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ സ്വദേശിനിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23) എന്ന യുവതിയാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്.
പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണ് യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
സാധനം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി അടങ്ങിയ സംഘം നടത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ ഓണ്‍ലൈൻ പരസ്യ വെബ്സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജമായി തയാറാക്കിയ നന്പറുകൾ ഉപയോഗിച്ച് വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചു ആളുകളെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്.
സാധനം അയച്ചു കൊടുക്കാൻ പറയുകയും കൊറിയർ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു തരാമെന്നും മറ്റും വാഗ്ദാനം ചെയ്തു ഏതെങ്കിലും വിലാസം കൊടുക്കും. ഇതു വിശ്വസിച്ചു സാധനം അയച്ചു കൊടുക്കുന്ന ആളുകൾക്കു പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ അവർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ പറയുകയും അതു ചിലർ വിശ്വസിച്ചു പണം ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പിനിരയാകുകയും ചെയ്യുന്നു.
അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേതും മറ്റുമായി തോന്നുന്ന ഫോണ്‍ നന്പറുകളാണ് പ്രതികൾ ആളുകളെ ബന്ധപ്പെടാൻ ഉപയോഗിക്കുന്നത്. തട്ടിപ്പുകൾ കൂടുതലും ബംഗളൂരു കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ, എസ്.ഐ ടി. അബ്ദുൾ റഷീദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാന്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുള്ള ബാബു, വനിതാ സി.പി..ഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബംഗളുരൂവിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതി പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.