കൊച്ചി: എറണാകുളം കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന സംഭവത്തിൽ നോർത്ത് പോലീസ് പിടികൂടിയ ബീനാകുമാരി എന്ന സ്ത്രീ സമാന രീതിയിൽ മുന്പും പലയിടത്തും മോഷണം നടത്തിയതായി പോലീസ്.
തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറാണെന്നും അമ്മയുടെ ഓർമ ദിവസമായതിനാൽ സഹായിക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് തൃശൂർ പാവറട്ടി പള്ളിയിൽവച്ച് പരിചയപ്പെട്ട വയോധികയുടെ കമ്മലും വളകളും കവർന്ന സംഭവത്തിനു പിന്നിൽ ഇവരാണെന്നു തിരിച്ചറിഞ്ഞു.
കൂടാതെ സമാനമായ രീതിയിൽ കടുത്തുരുത്തി, മൂവാറ്റുപുഴ, എറണാകുളം സൗത്ത്, പള്ളുരുത്തി സ്റ്റേഷനുകളിലും കേസുള്ളതായും പോലീസ് വ്യക്തമാക്കി. പാവറട്ടിയിൽ നടത്തിയ മോഷണത്തിൽ പാവറട്ടി പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി ആരാണെന്നു കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ മാസം മണിമല പള്ളി വികാരിയെയും ഇത്തരത്തിൽ പറഞ്ഞു പറ്റിച്ചു 35,000 രൂപയും കൈക്കലാക്കി ഇവർ മുങ്ങിയതായും അധികൃതർ പറഞ്ഞു.
വരും ദിവസങ്ങളിൽ ബീനാകുമാരിയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണു പോലീസ് കരുതുന്നത്.ആഡംബര വേഷത്തിലെത്തി കലൂർ കീറ്റുപറന്പിൽ എൽസി സേവ്യർ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവർന്ന സംഭവത്തിൽ കോട്ടയം കുറവിലങ്ങാട് പ്ലാക്കട്ടിൽ വീട്ടിൽ ബീനാകുമാരി (50) ആണ് പിടിയിലായത്.
എൽസി കലൂരിലെ പള്ളിയിൽ കുർബാനയക്ക് എത്തിയപ്പോഴാണു ബീനാകുമാരി ഇവരെ സമീപിക്കുന്നത്. തന്റെ അമ്മയുടെ ഓർമദിവസമായതിനാൽ ഇന്ന് ആരെയെങ്കിലും സഹായിക്കണമെന്നു പറഞ്ഞു പ്രതി എൽസിയുടെ വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് ഇരുവരും എൽസിയുടെ സഹോദരി റെജിയുടെ വീട്ടിലേക്കു പോയി. റെജിയുടെ രോഗബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള സഹായം ചെയ്തുതരാമെന്നു പറഞ്ഞു ബീനാകുമാരി റെജിയേയും കൈയിലെടുത്തു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണെന്നും താമസം കതൃക്കടവിലാണെന്നും പറഞ്ഞ ബീനാകുമാരി വിരലിൽ കിടന്ന മോതിരം ഉൗരി നൽകിയശേഷം കുറച്ചു പണവും റെജിക്കു കൈമാറി.
വീട്ടിൽനിന്ന് എൽസിയോടൊപ്പം പുറത്തേക്കിറങ്ങിയ ബീനാകുമാരി തന്റെ കഴുത്തിലെ വലിയ മാല എൽസിയുടെ കഴുത്തിലിട്ടു കൊടുത്തു. പകരം എൽസിയുടെ കഴുത്തിൽ കിടന്ന മൂന്നു പവനോളം വരുന്ന മാല വാങ്ങിയിട്ടു.
വീട്ടിൽ കാണിക്കാനാണെന്നും അടുത്തദിവസം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു മാല കൈക്കലാക്കിയത്. പിറ്റേന്നു കഴുത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോഴാണു തട്ടിപ്പിനിരയായ വിവരം എൽസിക്കു മനസിലായത്. തുടർന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
2000 മുതൽ തുടങ്ങിയ തട്ടിപ്പിൽ ആദ്യമായാണ് ഇവർ പിടിയിലാവുന്നതെന്നു പോലീസ് പറഞ്ഞു. സ്വന്തമായി വിലാസമില്ലാത്ത ഇവർ പലപല സ്ഥലങ്ങളിൽ വാടകയ്ക്കു വീടെടുത്തു താമസിച്ചു തട്ടിപ്പ് നടത്തി വന്നതിനാൽ പോലീസിന് ഇവരെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കലൂരിൽ വയോധികയുടെ മാല തട്ടിയെടുത്ത സംഭവത്തിൽ ബീനയുടെ കണക്കു കൂട്ടലുകൾ തെറ്റുകയായിരുന്നു.
എൽസിയോടൊപ്പം നടന്നു പോകുന്ന ഇവരുടെ ചിത്രം കലൂർ പള്ളിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഇവരുടെ ചിത്രം വിശദ വിവരങ്ങൾ സഹിതം പോലീസ് സോഷ്യൽ മീഡിയയിലൂടെ പ്രച്ചരിപ്പിച്ചു. ഈ വാർത്ത നൂറുകണക്കിനാളുകൾ ഷെയർ ചെയ്തു. പിറ്റേ ദിവസം എരൂർ സ്വദേശിയായ ഒരാൾ ഇവരെ കുറിച്ചുള്ള വിവരം നൽകി.
എന്നാൽ പോലീസ് അവിടെ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ കൂടി വാർത്ത വന്ന വിവരം അറിഞ്ഞു തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നും പ്രതി മുങ്ങി. താൻ പുറത്തിറങ്ങിയാൽ പിടിയിലാകും എന്നറിയാവുന്നതിനാൽ മാല വിൽക്കാൻ ഭർത്താവ് സുനോജിനെ ഏൽപ്പിച്ചു. മാല വിൽക്കാനുള്ള ശ്രമത്തിനിടെ സുനോജിനെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.
പിന്നീട് ബീനാകുമാരി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ മക്കളുമൊത്തു പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരവേ ഇവരുടെ പുതിയ മൊബൈൽ നന്പർ കിട്ടിയതിനെത്തുടർന്നു കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.