തിരുവനന്തപുരം: കാട്ടുതീ അടക്കമുള്ള അപകടങ്ങൾ ഉണ്ടാകുന്പോൾ അവ നിയന്ത്രണ വിധേയമാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാങ്ങുന്നതിനു ശിപാർശ. അഗ്നിസുരക്ഷാ വിഭാഗം ഇതു സംബന്ധിച്ച നിർദേശം സർക്കാരിലേക്കു നൽകും.
തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ടോമിൻ ജെ. തച്ചങ്കരി, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പി. കെ. കേശവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
കാട്ടുതീ അടക്കമുള്ള അപകടങ്ങൾ ഉണ്ടാകുന്പോഴുള്ള അഗ്നിശമനരക്ഷാ പ്രവർത്തനത്തിലെ അപരിചത്വം ഒഴിവാക്കാനായി ഫോറസ്റ്റ്- ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുകൾ സംയുക്തമായി കൃത്യമായ ഇടവേളകളിൽ വനത്തിനുള്ളിൽ മോക്ഡ്രിൽ സംഘടിപ്പിക്കും.
കാട്ടുതീ നേരിടാനായി വനമേഖലയിൽ സ്ഥിതിചെയ്യുന്ന ഫയർ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാരും ഫോറസ്റ്റ് ജീവനക്കാർ ഉൾപ്പെട്ട 30 അംഗങ്ങൾ വരെയുള്ള പല ജോയിന്റ് ടീമുകൾ രൂപീകരിച്ചു പരിശീലനം നൽകും.