കോതമംഗലം: മരത്തിൽ കയറി ഭീതിപരത്തിയ രാജവെന്പാലയെ സാഹസികമായി പിടികൂടി. തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം ഞായപ്പിള്ളി പുന്നയ്ക്കൽ രഘുനാഥിന്റെ പുരയിടത്തിലെ കൊക്കോ മരത്തിലാണ് എട്ടടി നീളമുള്ള രാജവെന്പാല കയറിയത്.
ഇന്നലെ രാത്രിയാണ് സംഭവം. പാന്പ് ഇഴഞ്ഞു നീങ്ങുന്നതു കണ്ട വളർത്തുനായ പാന്പിന് അടുത്തേക്ക് കുരച്ചുചാടി. പട്ടിയെ കണ്ട പാന്പ് തൊട്ടടുത്ത കൊക്കോ മരത്തിലേക്ക് ഇഴഞ്ഞ് കയറി. മരത്തിനു താഴെനിന്ന് പട്ടി മുകളിലേക്ക് നോക്കി അസാധാരണമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് രാജവെന്പാലയെ കണ്ടത്.
ഉടൻ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വിവരം അറിയിച്ചതനുസരിച്ച് കോതമംഗലം റേഞ്ച് ഓഫീസിലെ പാന്പു പിടുത്തക്കാരനായ വാച്ചർ ഷൈനും വനപാലകരും സ്ഥലത്തെത്തി. മരത്തിന് മുകളിലായതിനാൽ ഏറെ ബുദ്ധിമുട്ടിയും സാഹസികമായുമാണ് പാന്പിനെ ഷൈൻ പിടിച്ചത്. ചാക്കിലാക്കിയ രാജവെന്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.