പള്ളുരുത്തി: പള്ളുരുത്തിയിൽ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത് പശ്ചിമകൊച്ചിയിലെ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരൻ. ഇന്നലെയാണ് ചുള്ളിക്കൽ കനപ്പള്ളി വീട്ടിൽ അഡാർ സന്തോഷ് എന്ന് വിളിക്കുന്ന വിൻസെന്റ് സന്തോഷിനെ (42) എക്സൈസ് സംഘം പിടികൂടിയത്.
പിടിയിലാകുമ്പോൾ രണ്ടര കിലോ കഞ്ചാവ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഗ്യാസ് കുറ്റിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടരക്കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. ഗ്യാസ് കുറ്റിയുടെ അടിഭാഗം മുറിച്ചുനീക്കി അതിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പശ്ചിമകൊച്ചിയിലെ കഞ്ചാവ് മൊത്ത വിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ സന്തോഷ്. ഇവിടുത്തെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണ്. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി ലോറികളിൽ കയറ്റിയാണ് പ്രതി കഞ്ചാവ് കൊച്ചിയിൽ എത്തിക്കുന്നത്. ഇയാൾ കഞ്ചാവ് നൽകിയിരുന്ന മറ്റു കച്ചവടക്കാരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്,
കുറേക്കാലമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. സംഭവത്തിൽ പ്രതിയുമായി ബന്ധപ്പെട്ട മറ്റു കച്ചവടക്കാരിലേക്കും അന്വേഷണം നടത്തുമെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും മട്ടാഞ്ചേരി എക്സൈസ് സിഐ അഗസ്റ്റിൻ ജോസഫ് പറഞ്ഞു.