ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ രാഷ്ട്രീയ വഞ്ചനകള്‍ വരെ! രാഷ്ട്രീയ നേതാവിന്റെ ആ പുത്രന്‍ സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറി; ജോസ് കെ. മാണിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ ബോംബുകള്‍ ഇങ്ങനെ

ജോമി കുര്യാക്കോസ്

ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ രാഷ്ട്രീയ വഞ്ചനകള്‍ വരെ നിരത്തി കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണിയുടെ പുസ്തകം. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ ആഗ്രഹങ്ങളും ആവലാതികളും അന്വേഷണങ്ങളും മാത്രമല്ല വിലയിരുത്തലും വിലക്കപ്പെടലുകളും വിവാദ വിഷയങ്ങളിലുള്ള പ്രതികരണവുമൊക്കെ പുസ്തത്തിലുണ്ട്. ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രകാശനം ചെയ്തു.

രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്‌തേക്കാവുന്ന 224 പേജുള്ള പുസ്തകം നിറയെ വിവാദങ്ങള്‍ക്കാണു തിരികൊളുത്തിയിരിക്കുന്നത്. അനുഭവങ്ങളുടെ ദുരന്തങ്ങളെപ്പറ്റിയും പ്രതിബാധിക്കുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ യുവ നേതാവില്‍നിന്നും ഏല്‍ക്കേണ്ട വന്ന ദുരിതമുഖങ്ങളും വിവരിക്കുന്നു. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ യുവാവായ രാഷ്ട്രീയക്കാരന്‍ സ്റ്റേഷനില്‍വച്ച് പരിചയഭാവത്തോടെയെത്തി. പിതാവിന്റെ പേര് പറഞ്ഞ് പരിചയം പുതുക്കി. ട്രെയിനില്‍ കയറിയ ഉടനെ തന്റെ സീറ്റില്‍ ഇരുന്നു. ഉറങ്ങാന്‍ ആഗ്രഹിച്ച തനിക്ക് ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായി. ഇയാളെ മാറ്റാന്‍ ടിടിആറിനെ സമീപിച്ചെങ്കിലും പിതാവിന്റെ പേര് പറഞ്ഞപ്പോള്‍ ആയാളുടെ സ്വഭാവമാണെങ്കില്‍ തനിക്ക് ഇടപെടാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങി.

പിന്നീട് സീറ്റിലിരുന്ന തന്റെ കാലില്‍ ഇടയ്ക്കിടെ തട്ടിയപ്പോള്‍ തനിക്ക് അസ്വസ്തത അനുഭവപ്പെട്ടു. എല്ലാ ലക്ഷ്മണ രേഖയും കടന്നെന്നു തോന്നിയപ്പോള്‍ യുവാവിനോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് വരെയെത്തി. തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന നിമിഷങ്ങളെയാണ് നിഷ ഇവിടെ പറയുന്നത്. വ്യക്തിപരമായി തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്.

ആരെയും പേരെടുത്ത് വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകള്‍ നല്‍കുന്നുണ്ട്. അപകടത്തില്‍പ്പെട്ട ഭാര്യ പിതാവിന്റെ അടുത്തുനിന്നും വന്നതാണെന്ന് പറഞ്ഞാണ് അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പരിചപ്പെടുത്തുന്നത്. 120 മുതല്‍ 130 വരെയുള്ള പേജുകളിലാണ് ഇതിനെപ്പറ്റി പ്രതിപാദിക്കുന്നത്.

സോളാര്‍, സരിത, ബാര്‍ കോഴവിവാദം തുടങ്ങിയ കുടുംബത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും പറയുന്നുണ്ട്. മകളുടെ സുഹൃത്ത് മകളോട് നിന്റെ അപ്പന് സരിതയെ അറിയാമല്ലേയെന്ന് ചോദിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ടു വീട്ടിലെത്തിയതും പറയുന്നു.

സ്‌കൂളില്‍ മക്കളുടെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സോളാര്‍ വിഷയങ്ങള്‍ മനപൂര്‍വം എടുക്കുന്നത് മക്കളെ ബുദ്ധിമുട്ടിക്കാനാണെന്ന് കരുതുന്നത്. കുട്ടികള്‍ ഗൂഗിളില്‍ സോളാര്‍ വിഷയം എടുക്കുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയാണു കാണിക്കുന്നതെന്നും ഇത് കുട്ടികളെ അപമാനിക്കാനാണെന്നും പറയുന്നു.

അശ്ലീല വാര്‍ത്തകള്‍ കാണിക്കാതെ കുട്ടികളെ മാറ്റിയതും നിഷ വിവരിക്കുന്നുണ്ട്. സോളാര്‍ കേസില്‍ പുതിയ ലിസ്റ്റുമായി ശത്രുവായ അയല്‍വാസി രംഗത്തെത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കുട്ടികളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസ്റ്റില്‍ ഭര്‍ത്താവിന്റെ പേര് ഉണ്ടെന്നു ശത്രുവായ അയല്‍വാസി പറയുമ്പോള്‍ കുട്ടികളെ മാറ്റുകയും ടിവി ഓഫ് ചെയ്യുകയും ചെയ്തു.

പിന്നീട് ഒരാഴ്ചത്തേക്ക് കുട്ടികളെ ടിവി കാണിച്ചില്ല. ശത്രുവാകുന്ന അയല്‍ക്കാരന്‍ കുടുബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ബോധ്യമായപ്പോഴാണു ഫേ്‌സ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ നിര്‍ബദ്ധിതനായത്. കുടുംബത്തെ തമ്മിലടിപ്പിക്കുവാന്‍ കോട്ടയത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതിനെപ്പറ്റിയും വിവരിക്കുന്നു. അച്ചാച്ചന്റെ സമ്പാദ്യം പെണ്‍മക്കള്‍ക്ക് കൊടുക്കുകയാണെന്നും തനിക്ക് അതിന് അമര്‍ഷമുണ്ടെന്നുമുള്ള വാര്‍ത്ത പ്രചരിപ്പിച്ച നേതാവിനോട് നേരിട്ട് ചോദിച്ചതും പറയുന്നു.

പിന്നീട് ഒരു സമ്മേളനത്തില്‍വച്ച് ഇയാളോട് ഇതെപ്പറ്റി തിരക്കിയപ്പോള്‍ സമ്മേളനസ്ഥലത്തുനിന്നും തലവേദയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നും സൂചിപ്പിച്ചിട്ടുണ്ട്. അച്ചാച്ചന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന മോനായിയെയാണ് അച്ചാച്ചനുശേഷം പാര്‍ട്ടി തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ഇരുന്നതെന്നും ഇയാള്‍ പാര്‍ട്ടി വിട്ടത് അച്ചാച്ചന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതെന്നും പറയുന്നു.

കുടുംബത്തിനെതിരെ പലരും രംഗത്തുവരുമ്പോള്‍ ഇതെപ്പറ്റി അച്ചാച്ചന് സംസാരിച്ചപ്പോള്‍ കുരയുടെ ശബ്ദം ഉയരും തോറും സിംഹത്തിന്റെ പേടി കുറയുകയുള്ളുവെന്നും മറുപടി പറഞ്ഞതായും വിവരിക്കുന്നു. മകള്‍ സകൂളില്‍ പുതിയ ചെരുപ്പുമായി പോയപ്പോള്‍ വല്യപ്പച്ചന്‍ ബജറ്റ് വിറ്റ് ലഭിച്ചതുകൊണ്ടാണോ ചെരുപ്പ് വാങ്ങിയതെന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കിയെന്നും ഓര്‍മ്മപ്പെടുത്തുന്നു.

രാഷ്ട്രീയക്കാരന്റെ ഭാര്യ ആയതിനുശേഷമുള്ള കൊച്ചു കൊച്ച് അനുഭവങ്ങളുടെ സമാഹരമാണ് പുസ്തകമെന്ന് നിഷ പറഞ്ഞു. 1993 നവംബര്‍ 14നായിരുന്നു വിവാഹം ഉറപ്പിച്ചത്. അന്നു മുതല്‍ കുത്തിക്കുറിച്ചതൊക്കെയാണ് പുസ്തകത്തിലുള്ളത്. 59 അധ്യായങ്ങളിലായി ഇംഗ്‌ളീഷിലാണു പുസ്തകം. മലയാളം പതിപ്പും ഉടന്‍ പുറത്തിറക്കും. 2015ലാണ് ആദ്യ പുസ്തകമിറങ്ങിയത്.

കോളജ് കാലത്തെ അനുഭവങ്ങളും പുസ്തകത്തിലുണ്ട്. കയാക്കിംഗ്, നീന്തല്‍ തുടങ്ങി പാഠ്യേതര വിഷയങ്ങളില്‍ അക്കാലത്ത് സജീവമായിരുന്നു. ഇതെല്ലാം അന്നു മുതലേ പുസ്തകത്തില്‍ കുറിച്ചു വയ്ക്കുമായിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും പുസ്തകത്തിലുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന നിലയില്‍ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത കാര്യങ്ങളാണു പുസ്തകത്തിലുള്ളത്. രണ്ട് വര്‍ഷമായി പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.

മൂന്ന് പേരാണ് എഡിറ്റിംഗിനും മറ്റും സഹായിച്ചത്. രാഷ്ട്രീയത്തിലേക്കിറങ്ങാനാണോ പുസ്തകം എഴുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷേ, രണ്ടുമായും ഒരു ബന്ധവുമില്ല. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വിട്ടിനുള്ളില്‍ നടന്നതും പുസ്തകത്തില്‍ രണ്ട് അധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ ജോസ് കെ. മാണി പ്രതീകരിച്ചു.

 

Related posts