പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൃതദേഹ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഗവ. ഗസ്റ്റ്ഹൗസിൽ കമ്മീഷൻ അംഗം കെ.മോഹൻകുമാർ നടത്തിയ സിറ്റിങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മജിസ്റ്റിരിയൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായെങ്കിൽ അതും കമ്മീഷന് നൽകണം. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണ കാര്യാലയവും പൊലീസും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജില്ലാ കലക്റ്ററും ജില്ലാ പൊലീസ് മേധാവിയും കമ്മീഷന് കൈമാറി.
വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് നിവാസികൾ പ്രദേശത്തെ പാറമടക്കെതിരെ നൽകിയ പരാതിയിൽ ജില്ലാ കലക്റ്ററും മലിനീകരണ നിയന്ത്രണ ബോർഡും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജിയോളജിസ്റ്റും റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ ടോക്കണ്‍ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കോളെജ് അധ്യാപികയെ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതി പരിശോധിച്ച കമ്മീഷൻ കോളെജ് വിദ്യാഭ്യാസ ഡയറക്റ്ററോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്.. ഇരവാളൻ സമുദായത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയിൽ ജില്ലാ കളക്റ്ററോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെയുള്ള 58 പരാതികളിൽ 13 പരാതികൾ തീർപ്പാക്കി. 15 പുതിയ പരാതികൾ സ്വീകരിച്ചു.