മഞ്ചേരി: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനെത്തിയ പോലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞു നാശനഷ്ടമുണ്ടാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന അറുപത്തിരണ്ടുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കരിപ്പൂർ കുമ്മിണിപ്പറന്പ് തൊട്ടിപ്പറന്പത്ത് വേലായുധന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ്കുമാർ പോൾ തള്ളിയത്.
2018 ജനുവരി 24ന് രാത്രി എട്ടരമണിക്ക് പള്ളിക്കൽ നരിവെട്ടിച്ചാലിലാണ് സംഭവം. നരിവെട്ടിച്ചാൽ വേലായുധന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത വീട്ടിൽ സ്ഥിരമായി ഇരുപതോളം വരുന്ന സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്നു നാട്ടുകാർ കരിപ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പരിസരവാസികൾക്കു ശല്യമുണ്ടാക്കുന്ന സംഘത്തെ പിടികൂടാനെത്തിയതായിരുന്നു എസ്ഐ ഹരികൃഷ്ണനും സംഘവും പ്രതികൾ പോലീസ് ജീപ്പിനു നേരെ കല്ലെറിയുകയും കല്ലേറിൽ ജീപ്പിന്റെ ഗ്ലാസ്, ബോണറ്റ് എന്നിവ തകർന്നു 10000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
കേസിൽ രണ്ടാം പ്രതി കുന്നുമ്മൽ താമരശേരി കൈപ്പകശേരി അന്പാളി ഷെഫീഖ് (27), മൂന്നാം പ്രതി പുളിക്കൽ കിഴക്കെകണ്ടി ചെറാതൊടു കാരാട് ഉമറുൽ ഫാറൂഖ് (28), നാലാം പ്രതി പള്ളിക്കൽ ബസാർ അങ്ങാടിപ്പറന്പ് നിസാർ (31), അഞ്ചാം പ്രതി മലപ്പുറം നരിവെട്ടിച്ചാൽ കുന്നുമ്മൽ പുളിക്കണ്ടി കോയ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ ഹസൻ, സാക്കിർ മുളിയൻ, സലീം മാലിക്, സമീർ അലി, അജ്മൽ എന്നിവർ ഒളിവിലാണ്.