കോഴിക്കോട്: നാട് കാത്തിരുന്ന ജപ്പാന് കുടിവെള്ള പദ്ധതിക്ക് പൈപ്പ് പൊട്ടല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പദ്ധതി അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ പലയിടത്തും ജപ്പാന് പദ്ധതിക്കായി നിര്‍മിച്ച് പൈപ്പ്ലൈനുകളില്‍ ചോര്ച്ചയുണ്ടാകുകയാണ്. പലയിടത്തും ഇതാണ് അവസ്ഥ. അതുകൊണ്ടുതന്നെ ടെസ്റ്റ് പമ്പിംഗ് നടത്താനാകുന്നില്ല.
കഴിഞ്ഞ ദിവസം കാരന്തൂര്‍ -മെഡിക്കല്‍ കോളേജ് റോഡില്‍ പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തി. ഇവിടെ പൈപ്പ് ലൈന്‍ റോഡരികില്‍ ആയതുകൊണ്ട് പ്രവൃത്തി നടക്കുകയാണ്. ചോര്‍ച്ച താത്കാലികമായി അടച്ചിട്ടുണ്ട്. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ലൈന്‍ പോകുന്ന മുറിയനാല്‍ കുന്നമംഗലം ദേശീയ പാതയില്‍ ജല അതോറിറ്റിയുടെ മാന്‍ഹോളുകള്‍ ടാര്‍ ചെയ്ത് മൂടിയതും പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്.
റോഡ് തുറക്കാതെ ജലവിതരണം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ജൈക്ക അധികൃതര്‍ പറയുന്നത്.ഈ ഭാഗത്ത് റോഡില്‍ മെയിന്‍ വാല്‍വ് അടക്കം ആറ് മാന്‍ഹോളുകളാണ് ഉള്ളത്. ഇത് തുറന്നാല്‍ മാത്രമേ പൈപ്പ് ലൈനിന്റെ വാല്‍വുകള്‍ അടയ്ക്കാനും തുറക്കാനും കഴിയൂ. റോഡ് പൊളിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് ദേശീയ പാത വിഭാഗം പറയുന്നത്.
റോഡില്‍ ടാറിംഗ് നടത്തുന്നതിനു മുമ്പ് ഇക്കാര്യം ജല അഥോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.രണ്ടാഴ്ചകൂടി സമയം ചോദിച്ചിട്ടും അംഗീകരിക്കാതെ ദേശീയ പാത അധികൃതര്‍ റോഡ് ടാറിംഗ് നടത്തുകയായിരുന്നു എന്നാണ് ജൈക്ക അധികൃതര്‍ പറയുന്നത്. ഇതിനിടെ പദ്ധതി ജല അഥോറിറ്റിക്ക് കൈമാറുന്നതിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉടന്‍തന്നെ അവര്‍ പദ്ധതി ഏറ്റെടുക്കുമെന്നും ജൈക്ക അധികൃതര്‍ പറഞ്ഞു.
എന്നാലും റോഡിലെ മാന്‍ഹോളുകള്‍ തുറക്കാതെ ജല വിതരണം ആരംഭിക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്.29 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കിന്റെ വാല്‍വ് അടച്ചാണ് ഇപ്പോള്‍ പണി നടത്തുന്നത്. കണക്ഷന് നല്‍കിത്തുടങ്ങിയാല്‍ മെയിന്‍ വാല്‍വ് അടയ്ക്കുന്നത് പ്രായോഗികമല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.