ചവറ: ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൊബൈൽ ടവർ നിർമിക്കാനുള്ള നീക്കം രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. പന്മന മുകുന്ദപുരം വാർഡിൽ അമ്മ വീട് ജംഗ്ഷന് സമീപത്തെ പുരയിടത്തിലാണ് ടവർ നിർമാണം തുടങ്ങിയത്.
എന്നാൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമാണം നടത്തുന്നതെന്നാരോപിച്ചാണ് പരിസരവാസികളുടെ പരാതിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായെത്തിയത്.
യാതൊരു കാരണവശാലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ നിർമാണം അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു. നിർമാണത്തിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയെന്നാണ് വസ്തു ഉടമ അവകാശപ്പെടുന്നതെങ്കിലും പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം അറിഞ്ഞിട്ടില്ലന്ന് പ്രസിഡന്റ് പി.കെ.ലളിത പറഞ്ഞു.
പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് കോൺഗ്രസ്, ആർഎസ്പി പ്രവർത്തകർ സ്ഥലത്ത് കൊടി കുത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബുജി പട്ടത്താനം, ഇ.റഷീദ്, എം എസ് ഖാൻ, അസനാര് കുട്ടി, വിനോദ് മുകുന്ദപുരം, ബിജു, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.