ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് മലയാള മണ്ണില്‍ ഗംഭീര സ്വീകരണവുമായി എത്തിയത് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. പി.ആര്‍.ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഏറെ നേരം നടന്ന സൗഹൃദ സംഭാഷണത്തിനിടെ ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തുന്ന പല സംഭവങ്ങളും നടന്നു. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ മമ്മൂട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണ്. കേരളത്തിലുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്. മമ്മൂട്ടിയുടെ തമാശ കലര്‍ന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തി ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്. വിയറ്റ്‌നാമിലെ ഭീകരാവസ്ഥ ലോകത്തെ അറിയിച്ച ചിത്രമായിരുന്നു നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ. ഇത് എടുത്തത് നിക്ക് ആയിരുന്നു.
ലോകത്തോട് ഒരുപാട് പറയാനുള്ള വ്യക്തിയാണ് നിക്കെന്നും മമ്മൂട്ടി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജീവന്‍ പണയം വെച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയാണ്. അദ്ദേഹത്തെ കാണാനാണ് ഞാന്‍ എത്തിയത്. മുന്‍ പരിചയമില്ലെങ്കിലും പരിചിതരെ പോലെയാണ് ഞങ്ങള്‍ സംസാരിച്ചത്. കേരളത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണുള്ളത്.
നിക്കിനെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്.’ മമ്മൂട്ടി പറയുന്നു. മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. പരസ്പരം വിശേഷങ്ങള്‍ അറിഞ്ഞശേഷം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്.