കൊച്ചി: ലോക പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ടിനും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയ്ക്കും ആവേശകരമായ ആഥിത്യമരുളി കൊച്ചി. ഉച്ചയ്ക്ക് ഒന്നോടെ കാക്കനാട് കേരള മീഡിയ അക്കാദമിയിലെത്തിയ ഉട്ടിനെയും റൗൾ റോയെയും മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവിന്റെ നേതൃത്തിൽ സ്വീകരിച്ചു.
ചെണ്ടമേളത്തിന്റെ അകന്പടിയോടെയായിരുന്നു സ്വീകരണം. അക്കാദമി വളപ്പിൽ മാവിൻ തൈ നട്ട ഉട്ടിനും റോക്കും വിദ്യാർഥികൾ സ്നേഹസമ്മാനമായി നൽകിയത് കണിക്കൊന്ന. കസവുമുണ്ടും ഷർട്ടും ധരിച്ച് മലയാളി വേഷത്തിലാണ് ഇരുവരും വേദിയിലെത്തിയത്.
സ്വതന്ത്രമായി ചിത്രം പകർത്താനുളള സ്വാതന്ത്ര്യം ഇന്നില്ലെന്നു നിക്ക് ഉട്ട് പ്രസംഗത്തിനിടെ പറഞ്ഞു. ഇറാഖ്, അഫ്ഗാൻ പോലുള്ള പ്രദേശങ്ങളിലെ യുദ്ധക്രൂരതകളുടെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ഈ യുദ്ധക്കെടുതികൾക്ക് വിരാമമിടാൻ താങ്കൾക്ക് ശ്രമിച്ചു കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. അന്പതു വർഷം മുൻപ് യുദ്ധമുഖങ്ങളിലെവിടെയും സ്വതന്ത്രമായി നടന്ന് ചിത്രം പകർത്താനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.
ആരും തന്നെ തടഞ്ഞിട്ടില്ല. എന്നാൽ എംബഡഡ് ജേർണലിസത്തിന്റെ ഇക്കാലത്ത് ഈ മാധ്യമസ്വാതന്ത്ര്യമുണ്ടോയെന്ന് അദ്ദേഹം സദസിനെ നോക്കി ചോദിച്ചു. എംജി റോഡിൽ മഹാരാജാസ് സ്റ്റേഷനിൽ ഉട്ടിനെ സ്വീകരിക്കാൻ സിനിമാ താരം മമ്മൂട്ടിയുമെത്തിയിരുന്നു.
തുടർന്ന് കണയന്നൂർ താലൂക്ക് ഓഫീസിനു സമീപമുള്ള പുരാരേഖ കാര്യാലയത്തിലേക്ക്. ഡച്ചുകാരുമായി കൊച്ചി രാജാവുണ്ടാക്കിയ വട്ടെഴുത്ത് ലിപിയിലെ കരാർ രേഖ, ടിപ്പു സുൽത്താന്റെ കൈയ്യൊപ്പുള്ള കരം രസീത്, 1811 ൽ പുറത്തിറങ്ങിയ അറബിക് ബൈബിൾ, സിറിയൻ അക്ഷരത്തിൽ മലയാളം എഴുതിയ ഗാർത്തോളിക് രേഖ, 1898 ലെ കൊച്ചി രാജാവിന്റെ ഡയറി തുടങ്ങിയ ചരിത്ര രേഖകൾ നിക്ക് ഉട്ടും റൗൾ റോയും മമ്മൂട്ടിയും ചേർന്നു കണ്ടു. തുടർന്ന് ബോട്ട് ജെട്ടിയിൽനിന്ന് ഉട്ടിനെയും റോയെയും മമ്മൂട്ടി ഫോർട്ടുകൊച്ചിയിലേക്കു യാത്രയാക്കി.