ജീവനക്കാരനെ കൈകാര്യം ചെയ്തു സല്‍മാന്‍ രാജാവിന്റെ ഏക മകള്‍ കുടുക്കില്‍

സല്‍മാന്‍ രാജാവിന്റെ ഏകമകളും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരിയുമായ ഹാസ ബിന്റ് സല്‍മാന്‍ രാജകുമാരിക്കെതിരെ ഫ്രാന്‍സ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിയവെ, 2016-ല്‍ തന്റെ ബോഡിഗാര്‍ഡിനെക്കൊണ്ട് ജീവനക്കാരനെ മര്‍ദിപ്പിച്ച കേസിലാണ് അറസ്റ്റ് വാറണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത സഹോദരിയാണ് 44-കാരിയായ ഹാസ രാജകുമാരി.

ഡിസംബര്‍ അവസാനം തന്നെ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റേണ്‍ പാരീസിലെ അവന്യൂ ഫോക്കിലാണ് ഹാസയുടെ ഫ്‌ളാറ്റ്. ഇവിടെ ഇവര്‍ മിക്കവാറും വരാറുണ്ട്. സല്‍മാന്‍ രാജാവിന്റെ ഏക മകള്‍കൂടിയാണ് ഹാസ രാജുമാരി.

11 മക്കളാണ് അദ്ദേഹത്തിനുള്ളത്.അപ്പാര്‍ട്ട്മെന്റില്‍ അറ്റകുറ്റപ്പണിക്കുവന്നയാളെയാണ് ഹാസ തന്റെ അംഗരക്ഷകനെക്കൊണ്ട് മര്‍ദിപ്പിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു സംഭവം. ജോലിക്കിടെ മുറിയുടെ ഫോട്ടോയെടുത്തതാണ് ഹാസയെ പ്രകോപിപ്പിച്ചത്.

ജോലിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഫോട്ടൊയെടുത്തതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്നതിനുവേണ്ടിയാണ് ഫോട്ടോ എടുത്തതെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു.

തന്റെ കൈകള്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും തുടര്‍ന്ന് രാജകുമാരിയുടെ പാദത്തില്‍ ഉമ്മവെപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ് അപ്പാര്‍ട്ട്മെന്റില്‍നിന്ന് പോകാനായത്. ജോലിക്കായി കൊണ്ടുവന്ന സാമഗ്രികള്‍ രാജകുമാരി പിടിച്ചുവെക്കുകയും ചെയ്തു. ബോഡിഗാര്‍ഡിനെ 2016 ഒക്ടോബര്‍ ഒന്നിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

Related posts