ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ കുടുംബാംഗം മുന്നൂലം മനക്കൽ ഭവൻ നന്പൂതിരിയെ(45) തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് അദ്ദേഹം മേൽശാന്തിയാകുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഓതിക്കനായിരുന്ന മുന്നൂലം വാസുദേവൻ നന്പൂതിരിയുടെയും ചെർപ്പുളശേരി ശ്രീകൃഷ്ണപുരം കുളക്കടവ് കുറുശാത്തമണ്ണ ഇല്ലത്തെ ആര്യ അന്തർജനത്തിന്റെയും മകനാണ്. ഗുരുവായൂർ തെക്കേനടയിൽ ജയകൃഷ്ണ അപ്പാർട്ട്മെന്റിലാണ് താമസം. കഴിഞ്ഞ 21 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു.
മലപ്പുറം കാളാട്ട് മനമൂർത്തീ ക്ഷേത്രം, വെളുവിൽ കാർത്ത്യായനി ക്ഷേത്രം, പുത്തുകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ തന്ത്രിയുമാണ്. അച്ഛൻ വാസുദേവൻ നന്പൂതിരി മൂന്നു തവണയും, ജ്യേഷ്ഠൻ ഹരി നന്പൂതിരി ഒരുതവണയും മേൽശാന്തിയായിട്ടുണ്ട ്. 2014 ഒക്ടാബറിലാണ് ഭവൻ നന്പൂതിരി ആദ്യം മേൽശാന്തിയായത്.
48 അപേക്ഷകരിൽ കൂടിക്കാഴ്ചയ്ക്കു 42 പേരെ ക്ഷണിച്ചിരുന്നു. ഇവരിൽ 39പേർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടുമായി കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിൽ ഉച്ചപൂജ നട തുറന്നപ്പോൾ കൂടിക്കാഴ്ചയിൽ യോഗ്യരായ 38പേരുടെ പേരുകൾ വെള്ളി കുംഭത്തിൽ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട്, ചേന്നാസ് ഹരി നന്പൂതിരിപ്പാട് എന്നിവരുടെയും ഭക്തജനങ്ങളുടേയും സാനിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി ഇ.പി. കൃഷ്ണൻ നന്പൂതിരി നറുക്കെടുത്തു.
ഗുരുവായൂരപ്പന്റെയും അച്ഛന്റെയും അനുഗ്രഹമാണ് മേൽശാന്തിയാവാൻ അവസരം ലഭിച്ചതെന്ന് ഭവൻ നന്പൂതിരി പറഞ്ഞു.12ദിവസത്തെ ഭജനത്തിനുശേഷം ഈമാസം 31ന് രാത്രി ചുമതലയേൽക്കും.ശ്രീകൃഷ്ണപുരം കിഴിയേടത്ത് മനയിൽ ഷീജയാണ് ഭാര്യ, എട്ടാം ക്ലാസ് വിദ്യാർഥി അനിരുദ്ധ്് മകനാണ്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,എ.വി.പ്രശാന്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ. കെ. രാമചന്ദ്രൻ,അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.ശങ്കുണ്ണിരാജ്, സി.ശങ്കരനുണ്ണി എന്നിവർ സംബന്ധിച്ചു.