തൃശൂർ: സംസ്ഥാനത്ത് ഈ വർഷം വാഹനാപകടങ്ങൾ വർധിച്ചു. കഴിഞ്ഞവർഷം നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും 2018ൽ മാർച്ച് ആയപ്പോഴേക്കും റോഡപകടങ്ങളുടെ എണ്ണം വളരെക്കൂടി.
ഈ സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകാൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. റോഡപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കാൻ നിയമപരമായി ചെയ്യാവുന്ന എല്ലാ നടപടികളും ശക്തമാക്കാനാണ് നിർദേശം.
കഴിഞ്ഞവർഷം വാഹനാപകടങ്ങൾ ഗണ്യമായി കുറയുന്നതിന് എസ്പിമാരുടെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കണ്ട്രോൾ റൂം വാഹനങ്ങളുടെയും ഹൈവേ പോലീസിന്റെയും കാര്യക്ഷമമായ ഇടപെടലും കൃത്യമായ പരിശോധനകളും നിയമനടപടികളും കാരണമായിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി അപകടങ്ങൾ കൂടുന്ന പ്രവണതയാണ് കാണുന്നത്. നിയമനടപടികളിൽ അൽപം അയവുവന്നതാണ് ഇതിനു കാരണമെന്നും സംശയിക്കുന്നുണ്ട്. അതിനാലാണ് നടപടികൾ കർശനമാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ ബോധവത്കരണത്തിനും നിർദേശം നൽകിയിട്ടുണ്ട്.